മേപ്പാടി: വയനാട്ടിലെ ദുരന്ത സന്ദർശിച്ച് സാഹചര്യങ്ങൾ വിലയിരുത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയും പ്രിയങ്കാ ഗാന്ധിയും. ചൂരൽമലയിലെ പ്രശ്നബാധിത മേഖലയിലെത്തിയ ഇരുവരും രക്ഷാപ്രവർത്തനം വിലയിരുത്തി. സൈന്യം നിർമിച്ച ബെയ്‌ലി പാലത്തിന് സമീപത്തെ താൽകാലിക പാലത്തിലൂടെ ഇരുവരും പുഴയുടെ മധ്യഭാഗത്തെത്തി സാഹചര്യങ്ങൾ നിരീക്ഷിച്ചു.
സൈനിക സേവനത്തിന് ചുക്കാൻ പിടിക്കുന്ന ഉദ്യോഗസ്ഥനുമായി ഇരുവരും സംസാരിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇരുവരും മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. രാഹുലിനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമുണ്ട്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഇവിടം സന്ദർശിച്ചു.
ബുധനാഴ്ച രാഹുലും പ്രിയങ്കയും വയനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കില്ല എന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.