കല്‍പ്പറ്റ: വയനാടിനും കേരളത്തിനും രാജ്യത്തേയും സംബന്ധിച്ച് ഇത് ഭയാനകമായ ദുരന്തമെന്ന് രാഹുല്‍ ഗാന്ധി. തങ്ങള്‍ ഇവിടെ വന്നത് സാഹചര്യം വിലയിരുത്താനായാണ്. നിരവധി പേര്‍ക്ക് കുടുംബാംഗങ്ങളും വീടും നഷ്ടപ്പെട്ടു എന്നത് വേദനാജനകമാണ്. സഹായിക്കാന്‍ തങ്ങളാല്‍ കഴിയുന്ന എല്ലാം ചെയ്യും. വയനാട്ടില്‍ ദുരിത ബാധിത പ്രദേശം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.
'ഇന്ന്, എന്റെ പിതാവ് മരിച്ചപ്പോള്‍ എങ്ങനെയാണോ ദുഖിച്ചത് അത് പോലെയാണ് തോന്നുന്നത്. ഇവിടെ ആളുകള്‍ക്ക് പിതാവിനെ മാത്രമല്ല, ഒരു കുടുംബത്തെയാകെ നഷ്ടപ്പെട്ടു. ഞങ്ങള്‍ ഈ ജനങ്ങളോട് ബഹുമാനവും സ്നേഹവും കൊണ്ട് കടപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും ഇപ്പോള്‍ വയനാട്ടിലേക്കാണ്.'- അദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും പാര്‍ട്ടി നേതാവ് പ്രിയങ്ക ഗാന്ധിയും ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം സന്ദര്‍ശിച്ച് പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ദുരിതബാധിതരെ കാണുകയും ചെയ്തു. അതിജീവിച്ചവര്‍ക്ക് അവരുടെ അവകാശം ലഭിക്കും. അവരില്‍ പലരും ഇവിടെ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, അഡ്മിനിസ്‌ട്രേഷന്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിവരോട് തങ്ങള്‍ നന്ദി പറയുന്നുവെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.