കല്‍പ്പറ്റ: വയനാട്ടില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ കഴിയാതെ വന്നതോടെ രാത്രി വരെ നീണ്ട നാലാം ദിവസത്തെ തിരച്ചില്‍ ദൗത്യ സംഘം അവസാനിപ്പിച്ചു. നേരം ഇരുട്ടിയതോടെ സിഗ്‌നല്‍ ലഭിച്ച സ്ഥലത്തെ പരിശോധന നിര്‍ത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്ത് പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് രാത്രിയിലും പരിശോധന നടത്തിയത്.
രാത്രി ഒമ്പത് വരെ തിരച്ചില്‍ നടത്തിയ ശേഷമാണ് നാലാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചത്. നേരത്തെ മനുഷ്യജീവന്റെ സാന്നിദ്ധ്യമാണെന്ന് ഉറപ്പില്ലെങ്കിലും റഡാര്‍ സിഗ്‌നല്‍ ലഭിച്ച സ്ഥലത്ത് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായിട്ടാണ് പരിശോധന നടത്തിയത്. രാത്രിയായതിനാല്‍ വെളിച്ചത്തിന് ഉള്‍പ്പെടെ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തിയെങ്കിലും സൈന്യത്തിന്റെ ദൗത്യം വിജയം കണ്ടില്ല.
വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് ആണ് മൂന്ന് പേരെ കാണാതായ വീടിന്റെ പരിസരത്ത് നിന്ന് സിഗ്‌നല്‍ ലഭിച്ചത്. വീടിന്റെ അടുക്കള ഭാഗത്ത് നിന്നാണ് ഈ സിഗ്‌നല്‍ ലഭിച്ചത്. ജീവന്റെ സാന്നിധ്യമുണ്ടെന്ന് വ്യക്തമാകുന്ന സിഗ്നല്‍ ആയിരുന്നു അമ്പത് മീറ്റര്‍ ചുറ്റളവിലുള്ള പ്രദേശത്തു നിന്ന് ലഭിച്ചത്. ഇതേത്തുടര്‍ന്ന് ഈ പരിസരത്ത് മണ്ണുകുഴിച്ചും കലുങ്കിനടിയിലെ കല്ലും മണ്ണും നീക്കം ചെയ്തും വൈകുന്നേരം ആറര വരെ പരിശോധിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ആദ്യ രണ്ടുവട്ടം നടത്തിയ റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചെങ്കിലും മൂന്നാംവട്ടം നടത്തിയ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിരുന്നില്ല.