കൽപ്പറ്റ: വയനാട് ദൗത്യം അന്തിമ ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർമാണത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചു. 215 മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയെന്നും 206 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. 148 മൃദദേഹങ്ങൾ കണ്ടെത്തി ബന്ധുക്കൾക്ക് നൽകിയിട്ടുണ്ട്. മരിച്ചവരിൽ 30 കുട്ടികളും ഉൾപ്പെടുന്നു.
ദുരന്ത ഭൂമിയിൽ കുടുങ്ങിപ്പോയവരെ കണ്ടെത്തി സംരക്ഷിക്കാനായിരുന്നു ആദ്യഘട്ടത്തിൽ ശ്രമിച്ചത്. ജീവൻ്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ അത് കണ്ടെത്തി സംരക്ഷിക്കാനാണ് സ്വജീവൻ പോലും പോലും പണയപ്പെടുത്തി രക്ഷാപ്രവർത്തകർ ശ്രമിച്ചത്. നിലമ്പൂർ മേഖലയിൽ നിന്നും കണ്ടെത്തിയ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയാൻ വലിയ പ്രയാസമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
215 മൃതദേഹങ്ങൾ ആകെ കണ്ടെത്തിയിട്ടുള്ളത്. അതിൽ 87 സ്ത്രീകളും 98 പുരുഷന്മാരുമുണ്ട്. 30 കുട്ടികൾക്കും ദുരന്തത്തിൽ ജീവൻ നഷ്‌ടമായി.148 മൃതദേഹങ്ങൾ കൈമാറിയിട്ടുണ്ട്. ഇനിയും കണ്ടെത്താൻ 206 പേരുണ്ട്. 81 പേർ വിവിധ ആശുപത്രികളിലായി നിലവിൽ ചികിത്സയിലാണ്. 206 പേരെ ഡിസ്ചാർജ് ചെയ്ത് ക്യാമ്പിലേക്ക് മാറ്റി. വയനാട്ടിൽ 93 ക്യാമ്പുകളിലായി 10,042 പേരുണ്ടെന്നും ചൂരൽമലയിലെ 10 ക്യാമ്പുകളിൽ 1707 പേർ താമസിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു..