കൽപ്പറ്റ: കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്നേക്ക് ഒരാഴ്ച. ദുരന്തത്തിൽ 387 പേരാണ് മരിച്ചത്. ഇപ്പോഴും ദുരന്തബാധിത മേഖലയിലെ നിരവധി പേരെ കണ്ടെത്താനായിട്ടില്ല. തിരച്ചിൽ അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ഇന്നും തുടരും. കൂടുതൽ സ്ഥലങ്ങളിൽ ഐബോഡ് പരിശോധന നടത്തും. മണ്ണിനടിയിലുള്ള വസ്തുക്കളുടെ രൂപം അറിയാനാണ് ഐബോഡ് പരിശോധന നടത്തുന്നത്.
കനത്ത മഴയെ തുടർന്ന് അവധി നൽകിയ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്ന് തുറക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നവ ഒഴികെയാണ് തുറക്കുന്നത്. മഹാ ദുരന്തം നാശം വിതച്ച മേപ്പാടി പഞ്ചായത്തിലെ അവശേഷിക്കുന്ന മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിൽ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
മരിച്ചവരിൽ തിരിച്ചറിയാത്ത എട്ട് മൃതദേഹങ്ങൾക്ക് വയനാട് ആദരപൂർവം ഇന്നലെ വിടചൊല്ലിയിരുന്നു. മന്ത്രിമാരും ജനപ്രതിനിധികളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ പ്രിയപ്പെട്ടവർക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും തിരിച്ചറിയുന്നതിനുള്ള ശാസ്ത്രീയ പരിശോധനകൾക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി.