കല്‍പ്പറ്റ: വയനാട് മേപ്പാടിയിലെ ചൂരല്‍ മലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ പ്രാണന്‍ കൈയ്യിലെടുത്ത് പാഞ്ഞവര്‍ക്ക് ആദ്യം അഭയ കേന്ദ്രമായത് ചൂരല്‍ മല സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയായിരുന്നു. പുലര്‍ച്ചെ അപകടം നടന്നയുടന്‍ രക്ഷാ പ്രവര്‍ത്തനം നടത്തി എല്ലാവരെയും എത്തിച്ചത് പള്ളിയിലും പാരിഷ് ഹാളിലുമായാണ്.
ഇടവകാംഗങ്ങളായ ഒന്‍പത് പേര്‍ക്കാണ് പ്രകൃതി ദുരന്തത്തില്‍ ജീവന്‍ നഷ്ട്ടമായത്. ഇതില്‍ എഴ് പേരുടെ മൃതദേഹമാണ് കണ്ടെടുത്തതെന്ന് ഇടവക വികാരി ഫാ. ജിബിന്‍ വട്ടുകുളം പറഞ്ഞു. സാധാരണയായി ഞായറാഴ്ച ആഘോഷ പൂര്‍വ്വകമായ കുര്‍ബാന നടക്കുമ്പോള്‍ ഇന്നലെ ചൂരല്‍മല ദേവാലയത്തില്‍ അര്‍പ്പിച്ചത് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വിശുദ്ധ കുര്‍ബാനയായിരുന്നു.
ബലിപീഠത്തിന് മുന്നില്‍ ഒന്‍പത് പേരുടെയും ഒന്നിച്ചുള്ള ഫോട്ടോ പ്രതിഷ്ഠിച്ചിരുന്നു. ഇവരെ അനുസ്മരിച്ച് ബലിയര്‍പ്പിച്ചതിന് ശേഷം പുഷ്പാര്‍ച്ചനയും നടത്തി. തുടര്‍ന്ന് സെമിത്തേരിയില്‍ ഒപ്പീസ് ചൊല്ലി പ്രാര്‍ത്ഥിച്ചു.

ദുരന്തത്തെ തുടര്‍ന്ന് ഇരുനൂറോളം പേരാണ് ആദ്യം പള്ളിയില്‍ അഭയം തേടിയത്. ഫാ. ജിബിന്‍ വട്ടുകുളത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണവും പ്രാഥമിക ശുശ്രൂഷകളും ദേവാലയത്തില്‍ നിന്ന് നല്‍കിയിരുന്നു. പിന്നീട് വൈകുന്നേരം സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചപ്പോഴാണ് ദുരിത ബാധിതരെ അങ്ങോട്ടേക്ക് മാറ്റിയത്.
ജാതിമത വ്യത്യാസങ്ങള്‍ക്കപ്പുറം ഹൃദയം തകര്‍ന്ന മനുഷ്യരെ ചേര്‍ത്തു പിടിച്ച ദേവാലയത്തില്‍ പാരിഷ് ഹാളിലാണ് വില്ലേജ് ഓഫീസ് സംവിധാനങ്ങളും പഞ്ചായത്തുതല പ്രവര്‍ത്തനങ്ങളുമൊക്കെ ഇപ്പോള്‍ നടക്കുന്നത്. സൈന്യത്തിന്റെയും പോലീസിന്റെയും അടക്കമുള്ള വാഹനങ്ങളുടെ പാര്‍ക്കിംഗും ഇപ്പോഴും ഇവിടെയാണ്. സൈനികര്‍ ഉള്‍പ്പെടെയുള്ള രക്ഷാ പ്രവര്‍ത്തകര്‍ ഇടയ്ക്ക് വിശ്രമിക്കാനെത്തുന്നതും പള്ളിയിലാണ്.