ബെയ്‌ജിങ്: ചൈനയിലെ കൊറോണ വൈറസ് പാൻഡെമിക്കിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വിദഗ്ധ ദൗത്യ സംഘം മൃഗങ്ങളിൽ നിന്നുള്ള വൈറസിന്റെ ഉറവിടം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും ഇത് ചൈനീസ് ലാബിൽ നിന്ന് ചോർന്നൊലിക്കാൻ സാധ്യതയില്ലെന്നും പറയുന്നു. കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് ശാസ്ത്രജ്ഞരുടെ ഒരു സംഘം അന്വേഷിക്കുന്ന മധ്യ ചൈനീസ് നഗരമായ വുഹാൻ സന്ദർശനത്തിനൊടുവിലാണ് ലോകാരോഗ്യ സംഘടനയുടെ ഭക്ഷ്യ സുരക്ഷ, മൃഗരോഗ വിദഗ്ധൻ പീറ്റർ ബെൻ എംബാരെക് ചൊവ്വാഴ്ച ഈ വിലയിരുത്തൽ നടത്തിയത്.
ആദ്യത്തെ കൊറോണ കേസ് 2019 ഡിസംബറിൽ വുഹാൻ നഗരത്തിലാണ് കണ്ടെത്തിയത്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നും ചുറ്റുമുള്ള സമൂഹത്തിലേക്ക് വൈറസ് വ്യാപിച്ചിരിക്കാം എന്ന ആരോപണം ചൈന നിഷേധിച്ചിരുന്നു. അതോടൊപ്പം തന്നെ അമേരിക്കയിലോ മറ്റെവിടെയെങ്കിലുമോ വൈറസ് ഉത്ഭവിച്ചിരിക്കാമെന്നുള്ള സിദ്ധാന്തങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു.
ചൈനീസ് വിദഗ്ധരും ലോകാരോഗ്യ സംഘടനയുടെ 34 വിദഗ്ധരുടെ സംഘവും വൈറസ് ഒരു മൃഗത്തിൽ നിന്നാണ് ഉത്ഭവിച്ചതെന്ന് വിശ്വസിക്കുന്നു. പക്ഷേ, അത് ഏത് മൃഗം എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല എന്ന് ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ വിദഗ്ധനായ ലിയാങ് വാനിയൻ വുഹാനിലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ നഗരമാണ് വുഹാൻ. 2019 ഡിസംബറിൽ ആദ്യത്തെ ഔദ്യോഗിക കേസുകൾ രേഖപ്പെടുത്തുന്നതിന് മുൻപ് ഇത് നഗരത്തിൽ പടർന്നു പിടിക്കാൻ തുടങ്ങിയതിന് തെളിവുകളില്ലെന്ന് ലിയാങ് അഭിപ്രായപ്പെട്ടു. പക്ഷെ, ഇത്തരം ന്യായവാദങ്ങൾ തീർത്തും വിശ്വാസയോഗ്യമല്ലെന്ന് അന്തർ ദേശീയ നിരീക്ഷകർ കരുതുന്നു.
ആദ്യ ഘട്ടത്തിൽ ലോകാരോഗ്യ സംഘടനയുടെ അന്വേഷണത്തെ ചൈന ശക്തിയുക്തം എതിർത്തിരുന്നു. കഴിഞ്ഞ മെയ് മാസത്തിൽ നടന്ന ലോകാരോഗ്യ അസംബ്ലി യോഗത്തിൽ അന്താരാഷ്ട്ര സമ്മർദത്തെത്തുടർന്ന് ആ നിലപാടിൽ അയവു വരുത്തി. വൈറസ് ഉത്ഭവം സംബന്ധിച്ച് ശക്തമായ അന്വേഷണം വേണമെന്ന് അമേരിക്കയും മറ്റു രാജ്യങ്ങളും ആവശ്യപ്പെട്ടു. പക്ഷേ അന്വേഷണത്തെ രാഷ്ട്രീയവത്കരിക്കരുത് എന്ന മുന്നറിയിപ്പുമായി ചൈനയും തിരിച്ചടിച്ചു.
ലോകമെമ്പാടുമുള്ള 2.3 ദശലക്ഷത്തിലധികം പേർ കൊല്ലപ്പെട്ട പകർച്ചവ്യാധിയുടെ കാരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചൈനീസ് അധികൃതർ വളരെ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്.