ഡബ്ലിൻ: യൂറോപ്യൻ യൂണിയൻ്റെ അപ്പസ്തോലിക് ന്യൂൺഷ്യോയായിരുന്ന ആർച്ച് ബിഷപ്പ് നോയൽ ട്രെനറിന്റെ സംസ്കാരം ആഗസ്റ്റ് 20ന്. ആർച്ച് ബിഷപ്പ് നോയലിൻ്റെ ഭൗതികദേഹം ഓഗസ്റ്റ് 18 ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് സെൻ്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ ഏറ്റുവാങ്ങും.
ഹൃദയാഘാതത്തെ തുടർന്ന് ആഗസ്റ്റ് 14നായിരുന്നു ആർച്ച് ബിഷപ്പ് നോയൽ ട്രെനറിന്റെ അന്ത്യം. സുവിശേഷ പ്രഘോഷണത്തിനും ദുർബലരായവരുടെ അജപാലന പരിപാലനത്തിനും സഭയുടെ സാമൂഹിക ദൗത്യത്തിനുമായി തൻ്റെ ജീവിതം തുടർച്ചയായി സമർപ്പിച്ച വ്യക്തിയായിരിന്നു ആർച്ച് ബിഷപ്പ് നോയൽ ട്രെനറെന്ന് ഡൗൺ ആൻഡ് കോണർ ബിഷപ്പ് അലൻ മക്ഗുകിയൻ പറഞ്ഞു.
1950ലെ ക്രിസ്മസ് ദിനത്തിൽ കൗണ്ടി മൊനാഗനിലാണ് ട്രെനർ ജനിച്ചത്. മേനൂത്തിലെ സെൻ്റ് പാട്രിക്സ് കോളേജിൽ പഠിച്ച ആർച്ച് ബിഷപ്പ് 1976 ജൂൺ 13 ന് തിരുപട്ടം സ്വീകരിച്ചു. തുടർന്നുള്ള കാലയളവില്‍ മോനാഗനിലെ ക്യൂറേറ്റ്, ഹോസ്പിറ്റൽ ചാപ്ലെയിൻ, ക്ലോഗർ രൂപതാ കോർഡിനേറ്റർ എന്നീ നിലകളിൽ അദ്ദേഹം നിരവധി ഉത്തരവാദിത്വങ്ങള്‍ നിര്‍വ്വഹിച്ചു. 1989 ലാണ് യൂറോപ്യൻ യൂണിയൻ്റെ ബിഷപ്പ് കോൺഫറൻസുകളുടെ കമ്മീഷനിലേക്ക് അദേഹത്തെ ആദ്യമായി നിയമിക്കുന്നത്.
1993 ൽ അദ്ദേഹത്തെ സെക്രട്ടറി ജനറലായി നിയമിച്ചു. 2022 ൻ്റെ അവസാനത്തിൽ ന്യൂൺഷ്യോ ആയി നിയമിക്കപ്പെടുന്നതിന് മുമ്പ്, ഡൗൺ ആൻഡ് കോണർ രൂപതയുടെ അധ്യക്ഷനായി സേവനമനുഷ്ഠിച്ചിരിന്നു. 2022 നവംബർ 26 ന് ഫ്രാൻസിസ് മാർപാപ്പ ആർച്ച് ബിഷപ്പിനെ അപ്പസ്തോലിക് ന്യൂൺഷ്യോയായി നിയമിക്കുകയായിരിന്നു.