കൊല്‍ക്കത്ത: വനിതാ ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമാകുന്ന ഘട്ടത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനായി സംഭവം നടന്ന ആര്‍ജി കാര്‍ ആശുപത്രിക്ക് ചുറ്റും പ്രത്യേക സംരക്ഷണം തീര്‍ത്ത് ഭരണകൂടം. പ്രതിഷേധങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ശനിയാഴ്ച പുറപ്പെടുവിച്ചു.
അടുത്ത ഏഴ് ദിവസത്തേക്ക് ആര്‍ജി കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് ചുറ്റും പ്രതിഷേധങ്ങളോ റാലികളോ ജാഥകളോ ധര്‍ണകളോ പ്രകടനങ്ങളോ അനുവദിക്കില്ല. കൊല്‍ക്കത്ത എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും പൊലീസ് കമ്മീഷണറുമായ വിനീത് ഗോയല്‍ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, 2023 (സിആര്‍പിസിയുടെ നേരത്തെയുള്ള സെക്ഷന്‍ 144), സെക്ഷന്‍ 163 പ്രകാരം ഏതെങ്കിലും പ്രതിഷേധങ്ങളോ വലിയ സമ്മേളനങ്ങളോ നിയന്ത്രണം ലംഘിച്ചുകൊണ്ട് ആശുപത്രിക്ക് ചുറ്റും നടത്തിയാല്‍ നടപടി സ്വീകരിക്കും.
ഓഗസ്റ്റ് 18 ഞായറാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വന്ന ഒത്തുചേരലുകളുടെ നിരോധനം അടുത്ത ഏഴ് ദിവസത്തേക്കോ അല്ലെങ്കില്‍ അടുത്ത ഉത്തരവ് വരെയോ തുടരുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.