റിയാദ്: പാലസ്തീന്റെ ആശങ്കകള്‍ അവഗണിച്ച് ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കിയാല്‍ താന്‍ കൊല്ലപ്പെടുമോയെന്ന ആശങ്കയുണ്ടെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. അമേരിക്കന്‍ കോണ്‍ഗ്രസിലെ അംഗങ്ങളോട് സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈജിപ്ത് മുന്‍ പ്രസിഡന്റ് അന്‍വര്‍ സാദത്തിന്റെ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമേരിക്കയ്ക്ക് എന്ത് ചെയ്യുവാന്‍ കഴിഞ്ഞുവെന്നും അദേഹം കോണ്‍ഗ്രസ് അംഗങ്ങളോട് ചോദിച്ചതായി പൊളിറ്റിക്കോ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു.
1981 ല്‍ അന്‍വര്‍ ചില ഭീകരരുടെ വെടിയേറ്റ് മരിച്ചു. മരണം മുന്നില്‍ കണ്ടാണെങ്കിലും ഇസ്രായേലുമായുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകാന്‍ തയ്യാറാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി അറേബ്യക്ക് അമേരിക്ക നിരവധി ഓഫറുകള്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രതിരോധ ഇടപാടുകള്‍, സിവില്‍ ആണവ പദ്ധതികള്‍, സാങ്കേതിക മേഖലയിലെ നിക്ഷേപങ്ങള്‍ എന്നിവ അടക്കമുള്ള വാഗ്ദാനങ്ങളാണ് നല്‍കിയിട്ടുള്ളത്.