'ചുവപ്പും മഞ്ഞയും നിറമുള്ള കൊടിയില്‍ ഗജവീരന്മാരും വാകപ്പൂവും'; തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി വിജയ്

'ചുവപ്പും മഞ്ഞയും നിറമുള്ള കൊടിയില്‍ ഗജവീരന്മാരും വാകപ്പൂവും'; തമിഴക വെട്രി കഴകത്തിന്റെ  പതാക പുറത്തിറക്കി വിജയ്

ചെന്നൈ: നടന്‍ വിജയിയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം പാര്‍ട്ടി പതാക പുറത്തിറക്കി. തമിഴ്‌നാട്ടിലെ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് വിജയ് പതാകയും പാര്‍ട്ടി ഗാനവും പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.

ചുവപ്പും മഞ്ഞയും നിറത്തിലുള്ള പതാകയാണ് പാര്‍ട്ടിക്കൊടിയായി വിജയ് അവതരിപ്പിച്ചത്. ചുവപ്പും മഞ്ഞയും നിറങ്ങള്‍ ചേര്‍ന്ന പതാകയില്‍ രണ്ട് ഗജവീരന്‍മാരുമുണ്ട്. നടുവിവിലായി വൃത്താകൃതിയില്‍ നക്ഷത്രങ്ങള്‍ ഉണ്ട്. ഇതിനുള്ളില്‍ വാകപ്പൂവിന്റെ ചിത്രവുമാണ് ഉള്ളത്. പാര്‍ട്ടി ഗാനത്തിന്റെ അകമ്പടിയോടെയാണ് വിജയ് പതാക ഉയര്‍ത്തിയത്

ജനാധിപത്യം, മതേതരത്വം, സാമൂഹ്യനീതി എന്നിവയില്‍ ഉറച്ചു നില്‍ക്കുമെന്നും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസമുണ്ടെന്നും വിജയ് പറഞ്ഞു. എല്ലാവര്‍ക്കും തുല്യത എന്ന തത്വം ഉയര്‍ത്തിപ്പിടിക്കും. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വ്യത്യാസങ്ങള്‍ ഇല്ലാതാക്കും.

ലിംഗഭേദം, ജന്മസ്ഥലം എന്നീ കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിച്ച് എല്ലാവര്‍ക്കും തുല്യ അവസരങ്ങള്‍ക്കായി ശ്രമിക്കും. നമ്മുടെ രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച പോരാളികളെയും തമിഴ് മണ്ണില്‍ നിന്ന് നമ്മുടെ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി അക്ഷീണം പോരാടിയ എണ്ണമറ്റ ആളുകളെയും ഓര്‍ക്കുന്നതായും വിജയ് പറഞ്ഞു.

2026 ലെ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) മത്സരിക്കുമെന്ന് വിജയ് പറഞ്ഞു. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഉടന്‍ പ്രഖ്യാപിക്കുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിനായി എല്ലാവരും കാത്തിരിക്കുകയാണെന്നറിയാം.

അതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഉടന്‍ തന്നെ തിയതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രഖ്യാപിക്കും. ഈ സമ്മേളനത്തിന് മുന്നോടിയായിട്ടാണ് പാര്‍ട്ടിയുടെ പതാക അനാച്ഛാദനം ചെയ്തത്. തമിഴ്‌നാടിന്റെ വികസനത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും വിജയ് പറഞ്ഞു.

മുപ്പത് അടിയിലധികം ഉയരമുള്ള കൊടിമരത്തിലാണ് വിജയ് പാര്‍ട്ടി പതാക ഉയര്‍ത്തിയത്. കേരളം ഉള്‍പ്പെടെയുള്ള അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുത്തു. തമിഴക വെട്രി കഴകത്തിന്റെ പതാക തമിഴ്‌നാടിന്റെ അടയാളമായി മാറുമെന്ന് കഴിഞ്ഞ ദിവസം വിജയ് പറഞ്ഞിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം നടത്തിയത്. സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്നും 2026 ല്‍ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും വിജയ് പറഞ്ഞിരുന്നു. പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് വിജയ്.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.