ഇന്ന് ബഹിരാകാശ ദിനം: ചന്ദ്രയാന്‍-3 വിജയ സ്മരണയില്‍ രാജ്യം; ചരിത്ര നേട്ടത്തിന് ഒരു വയസ്

ഇന്ന് ബഹിരാകാശ ദിനം: ചന്ദ്രയാന്‍-3 വിജയ സ്മരണയില്‍ രാജ്യം; ചരിത്ര നേട്ടത്തിന് ഒരു വയസ്

ന്യൂഡല്‍ഹി: കൃത്യം ഒരു വര്‍ഷം മുമ്പ് അതായത് 2023 ഓഗസ്റ്റ് 23 നാണ് ഇന്ത്യയുടെ അഭിമാന പേടകമായ ചന്ദ്രയാന്‍-3 ന്റെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ശാസ്ത്ര ലോകം ഏറെ ആകാംഷയോടെ വീക്ഷിച്ച ദിവസമായിരുന്നു അത്.

ഇതോടെ ഇന്ത്യ പുതു ചരിത്രം കുറിയ്ക്കുകയായിരുന്നു. അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

ഈ സുപ്രധാന നേട്ടത്തെ ആദരിക്കാന്‍ വിജയത്തിന്റെ ഒന്നാം വാര്‍ഷികമായ ഇന്നു മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റ് 23 രാജ്യം ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.

ഐഎസ്ആര്‍ഒയുടെ പതിറ്റാണ്ടുകളുടെ കഠിനാധ്വാനത്തിന്റെയും നിശ്ചയ ദാര്‍ഢ്യത്തിന്റെയും അടയാളമാണ് ചന്ദ്രയാന്‍-3. ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ പിതാവ് ഡോ. വിക്രം സാരാഭായ് മുതല്‍ ചന്ദ്രയാന്‍-3 യാഥാര്‍ത്ഥ്യമാക്കിയ വ്യക്തികള്‍ വരെ ഇന്ത്യയുടെ ബഹിരാകാശ ശ്രമങ്ങളില്‍ സംഭാവന നല്‍കിയ എല്ലാവര്‍ക്കുമായുള്ള ആദരവും കൂടിയാണ് ഈ ദിനം.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.