പാരിസ്: ഫ്രാന്‍സില്‍ ജൂത സിനഗോഗിന് സമീപം വന്‍ സ്‌ഫോടനം. സംഭവം ഭീകരാക്രമണമെന്ന് സംശയം. ദക്ഷിണ ഫ്രാന്‍സിലെ ഹെറോള്‍ട്ടിന് സമീപം ലെ ഗ്രാന്‍ഡെ മോട്ടെയിലെ ബെത്ത് യാക്കോവ് ജൂത സിനഗോഗിന് പുറത്ത് ശനിയാഴ്ച പ്രാദേശിക സമയം രാവിലെ ഒന്‍പതു മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. രണ്ട് കാറുകള്‍ പൂര്‍ണമായും കത്തിനശിച്ചു. സ്‌ഫോടനത്തിനിടെ പ്രദേശത്തെ ഒരു മുനിസിപ്പല്‍ പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
സംഭവത്തിനു പിന്നാലെ തൊട്ടടുത്തുള്ള നഗരമായ നിംസില്‍ നടത്തിയ റെയ്ഡിനെ തുടര്‍ന്ന് ഒരു പ്രതി അറസ്റ്റിലായി. വെടിവയ്പ്പില്‍ പ്രതിക്ക് പരിക്കേറ്റെങ്കിലും ഗുരുതരാവസ്ഥയിലല്ലെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
അഗ്‌നിക്കിരയായ കാറുകളിലൊന്നില്‍ ഗ്യാസ് ക്യാനിസ്റ്റര്‍ ഉണ്ടായിരുന്നു. ഇതോടെ തീ അതിവേഗം പടര്‍ന്ന് സിനഗോഗിന്റെ മുന്‍വാതില്‍ തകര്‍ന്നതായി ലാ ഗ്രാന്‍ഡെ-മോട്ടെ മേയര്‍ സ്റ്റെഫാന്‍ റോസിന്‍ പറഞ്ഞു. ആക്രമണസമയത്ത് സിനഗോഗിലുണ്ടായിരുന്ന റബ്ബിയടക്കം അഞ്ച് പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഒരാള്‍ സിനഗോഗിന് മുന്നില്‍ വാഹനങ്ങള്‍ക്ക് തീയിടുന്നതിന്റെ ദൃശ്യങ്ങള്‍ നഗരത്തിലെ നിരീക്ഷണ ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. സ്‌ഫോടനത്തെ ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാള്‍ഡ് മൗസ ഡാര്‍മനിന്‍ അപലപിച്ചു. സ്‌ഫോടനത്തെ തുടര്‍ന്ന് രാജ്യത്തെ ജൂത സിനഗോഗുകളുടെ സുരക്ഷ ശക്തിപ്പെടുത്താന്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അന്വേഷണത്തിന്റെ ചുമതല തങ്ങള്‍ ഏറ്റെടുത്തതായി ഫ്രഞ്ച് തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. അക്രമിയുടെ പക്കല്‍ പാലസ്തീന്‍ പതാകയും തോക്കും ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ സൂചന ലഭിച്ചതായി അന്താരാഷ്ട്ര മാധ്യമമായ സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു.
സംഭവം യഹൂദരെ കൊല്ലാനുള്ള ശ്രമമാണെന്നും ശനിയാഴ്ച രാവിലെ ആരാധന നടത്തിയവരെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്നും ജൂത സമുദായ നേതാവ് യോനാഥന്‍ ആര്‍ഫി പറഞ്ഞു. ആക്രമണം തീവ്രവാദ പ്രവര്‍ത്തനമാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
ഫ്രാന്‍സില്‍ വളര്‍ന്നുവരുന്ന യഹൂദ വിരുദ്ധതയെ അപലപിക്കുന്നതായും സ്‌ഫോടനത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണമെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഫസ്റ്റ് സെക്രട്ടറിയായ ഫാബിന്‍ റൗസല്‍ ആവശ്യപ്പെട്ടു. സ്‌ഫോടനം നടന്ന ലാ മോട്ടെ നഗരം ദക്ഷിണ ഫ്രാന്‍സിലെ പ്രശസ്തമായ കടല്‍ത്തീര വിനോദ സഞ്ചാര കേന്ദ്രമാണ്. എല്ലാ വര്‍ഷവും ഒരു ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് മേഖലയില്‍ സന്ദര്‍ശനം നടത്താറുള്ളത്.