ജര്‍മനിയിലെ കത്തിയാക്രമണം: അക്രമി സിറിയന്‍ അഭയാര്‍ത്ഥി; ലക്ഷ്യമിട്ടത് ക്രിസ്ത്യാനികളെയെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ്

ജര്‍മനിയിലെ കത്തിയാക്രമണം: അക്രമി സിറിയന്‍ അഭയാര്‍ത്ഥി; ലക്ഷ്യമിട്ടത് ക്രിസ്ത്യാനികളെയെന്ന് ഇസ്ലാമിക് സ്‌റ്റേറ്റ്

ബെര്‍ലിന്‍: പടിഞ്ഞാറന്‍ ജര്‍മനിയിലെ സോളിംഗന്‍ നഗരത്തില്‍ ലൈവ് ബാന്‍ഡ് സംഗീതപരിപാടിക്കിടെ മൂന്നു പേരെ കുത്തിക്കൊലപ്പെടുത്തുകയും എട്ടു പേരെ പരിക്കേല്‍പിക്കുകയും ചെയ്ത സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അക്രമി ലക്ഷ്യമിട്ടത് ക്രിസ്ത്യാനികളെയായിരുന്നുവെന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റ് ടെലിഗ്രാം പോസ്റ്റിലൂടെ അറിയിച്ചു.

'ഇസ്ലാമിക് സ്റ്റേറ്റിന്റെ പോരാളി' എന്ന് വിശേഷിക്കുന്നയാളാണ് അക്രമി. പാലസ്തീനിലും മറ്റെല്ലായിടത്തും പീഡനം നേരിടുന്ന മുസ്ലിംകള്‍ക്കു വേണ്ടിയുളള പ്രതികരമാണിത്' - ഇസ്ലാമിക് സ്‌റ്റേറ്റ് ടെലിഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. ഈ അവകാശവാദം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ആക്രമണവുമായി ബന്ധപ്പെട്ട് 15 വയസുള്ള കൗമാരക്കാരനെയും 26 വയസുകാരനെയും അറസ്റ്റ് ചെയ്തതായി ജര്‍മ്മന്‍ പൊലീസ് അറിയിച്ചു. എന്നാല്‍ മറ്റ് വിവരങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. 26 വയസുകാരന്‍ ആക്രമണം നടത്തിയതായി സമ്മതിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥിയാണ് അക്രമിയെന്നും ഇയാള്‍ ഇസ്ലാമിക് സ്റ്റേറ്റ് അംഗമാണെന്ന് സംശയിക്കുന്നതായും കേസിന്റെ അന്വേഷണം ഏറ്റെടുത്ത ജര്‍മ്മന്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരുടെ വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ 'ദ ഗാര്‍ഡിയന്‍' റിപ്പോര്‍ട്ട് ചെയ്തു.

അക്രമി ഇരകളുടെ കഴുത്ത് പ്രത്യേകമായി ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വക്താവ് തോര്‍സ്റ്റണ്‍ ഫ്‌ലെയിസ് പറഞ്ഞു.

നഗരത്തിന്റെ 650-ാം വാര്‍ഷികം ആഘോഷിക്കുന്ന 'ഫെസ്റ്റിവല്‍ ഓഫ് ഡൈവേഴ്സിറ്റി'ക്കിടെ നടത്തിയ സംഗീതനിശയിലായിരുന്നു ആക്രമണം. അക്രമി നിരവധി പേരെ കുത്തി പരിക്കേല്‍പ്പിച്ചതായാണ് വിവരം. പലരും ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. 67, 56 പ്രായക്കാരായ പുരുഷന്മാരും 56-കാരിയുമാണ് മരണത്തിന് കീഴടങ്ങിയത്.

160,000 ജനങ്ങള്‍ താമസിക്കുന്ന നഗരമാണ് സോളിംഗന്‍. ജര്‍മനിയിലെ വലിയ നഗരങ്ങളായ കൊളോണിനും ഡ്യൂസെല്‍ഡോര്‍ഫിനും ഇടയിലായാണ് ഇത് സ്ഥിതി ചെയ്യുന്നത്. സോളിംഗനിലെ പള്ളികളില്‍ ആക്രമണത്തിന്റെ ഇരകള്‍ക്കായി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. ജര്‍മനിയില്‍ ഇത്തരം കത്തി ആക്രമണങ്ങളും വെടിവയ്പ്പുകളും താരതമ്യേന അപൂര്‍വമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.