ലബനനിലേക്ക് മിസൈലുകള്‍ തൊടുത്ത് ഇസ്രയേല്‍; കത്യുഷ റോക്കറ്റുകളുമായി ഹിസ്ബുള്ളയുടെ പ്രത്യാക്രമണം: പശ്ചിമേഷ്യയില്‍ സ്ഥിതി വഷളാകുന്നു

ലബനനിലേക്ക് മിസൈലുകള്‍ തൊടുത്ത് ഇസ്രയേല്‍; കത്യുഷ റോക്കറ്റുകളുമായി ഹിസ്ബുള്ളയുടെ പ്രത്യാക്രമണം: പശ്ചിമേഷ്യയില്‍ സ്ഥിതി വഷളാകുന്നു

ടെല്‍ അവീവ്: പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി വര്‍ധിപ്പിച്ച് ഇസ്രയേല്‍-ഹിസ്ബുള്ള ഏറ്റുമുട്ടല്‍. ഹിസ്ബുള്ളയുടെ ആക്രമണം ഏത് സമയത്തും ഉണ്ടാകാം എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇസ്രയേല്‍ ഇന്ന് പുലര്‍ച്ചെ ലബനനിലേക്ക് മിസൈലുകള്‍ തൊടുത്തു. ഒന്നിന് പിറകെ ഒന്നായി വന്ന മിസൈലുകള്‍ ലബനനിലെ അതിര്‍ത്തി മേഖലയിലാണ് പതിച്ചത്.

ഇസ്രയേലിന്റെ ആക്രമണം മുന്‍കൂട്ടി കണ്ട് ലബനന്‍ അതിര്‍ത്തിയിലുള്ളവരെ നേരത്തെ ഒഴിപ്പിച്ചിരുന്നു. അതിനാല്‍ ഇസ്രയേല്‍ ആക്രമണത്തില്‍ വന്‍ തോതിലുള്ള ആള്‍ നാശമില്ലെന്നാണ് വിവരം. അതേസമയം ഹിസ്ബുള്ള ശക്തമായ തിരിച്ചടിയുമായി രംഗത്തു വന്നു. കത്യുഷ റോക്കറ്റുകള്‍ ഉപയോഗിച്ചായിരുന്നു ഹിസ്ബുള്ളയുടെ ഇസ്രായേല്‍ സൈനിക കേന്ദ്രങ്ങളിലേക്കുള്ള ആക്രമണം.

പതിനൊന്ന് ഇസ്രയേല്‍ സൈനിക കേന്ദ്രങ്ങളായിരുന്നു ലക്ഷ്യം. ഗോലാന്‍ കുന്നുകളിലും ഹിസ്ബുള്ള ആക്രമണം നടത്തി. 320 കത്യുഷ റോക്കറ്റുകളാണ് ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതെന്ന് ഹിസ്ബുള്ള പറയുന്നു. ഇതോടെ ഇസ്രയേലില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ചു.

നാല്‍പ്പത്തെട്ട് മണിക്കൂര്‍ അടിയന്തരാവസ്ഥയാണ് പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പ്രഖ്യാപിച്ചത്. ഇസ്രയേലില്‍ ബെന്‍ ഗുരിയോണ്‍ വിമാനത്താവളം അടച്ചു. വടക്കന്‍ ഇസ്രയേലില്‍ നിരവധി പേര്‍ക്ക് പരിക്കുണ്ട്. ചില കടല്‍ തീരങ്ങള്‍ അടച്ചു.

അതേസമയം ഇസ്രയേല്‍ ആക്രമണത്തില്‍ ലബനനില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് എന്‍എന്‍ഐ ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. ഖിയാം നഗരത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. ഖാസിമിയയില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഹിസ്ബുള്ളയുടെ മുതിര്‍ന്ന കമാണ്ടര്‍ ഫുവാദ് ഷുക്റിനെ ഇസ്രയേല്‍ സൈന്യം കഴിഞ്ഞ മാസം മിസൈല്‍ ആക്രമണത്തില്‍ കൊലപ്പെടുത്തിയിരുന്നു. തൊട്ടു പിന്നാലെ ഇറാനില്‍ വച്ച് ഹമാസ് രാഷ്ട്രീയകാര്യ നേതാവ് ഇസ്മായില്‍ ഹനിയയെയും കൊലപ്പെടുത്തി.

ഇതോടെയാണ് ഇസ്രയേലിന് നേരെ സംഘടിത ആക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം വന്നത്. ഇസ്രായേലിനെ ആക്രമിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖൊമേനി വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇറാന്‍, ലബനന്‍, സിറിയ, യമന്‍, ഗാസ എന്നിവിടങ്ങളില്‍ നിന്ന് ഒരേ സമയം ഇസ്രയേലിന് നേരെ ആക്രമണം ഉണ്ടാകുമെന്നായിരുന്നു വാര്‍ത്തകള്‍. യുദ്ധം വ്യാപിക്കുന്നത് ഒഴിവാക്കണമെന്ന് യൂറോപ്പും അമേരിക്കയും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആദ്യം ഇസ്രായേലിനെ ഉപദേശിക്കൂ എന്ന മട്ടിലായിരുന്നു ഇറാന്റെ പ്രതികരണം.

ഇന്ന് നടന്ന ആക്രമണത്തോടെ യുദ്ധം അവസാനിക്കില്ലെന്ന സൂചനയാണ് വരുന്നത്. തെക്കന്‍ ലബനനിലാണ് ഇസ്രയേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയത്. ഹിസ്ബുള്ള ആക്രമണം തുടങ്ങും മുമ്പ് ഞെട്ടിക്കുക എന്ന ലക്ഷ്യമായിരുന്നു ഇസ്രയേലിന്.

അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോ മീറ്റര്‍ വരെ ദൂരത്തില്‍ ഇസ്രയേലിന്റെ മിസൈലുകള്‍ പതിച്ചുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പ്രദേശം നേരത്തെ സൈനിക സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.