ബെയ്‌ജിങ്: കോവിഡ് -19 മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനയെ ക്ഷണിക്കാൻ ചൈന ബുധനാഴ്ച അമേരിക്കയോട് ആവശ്യപ്പെട്ടു. ചൈനയിലെ നഗരമായ വുഹാനിൽ ലോകാരോഗ്യസംഘടനാ പ്രതിനിധികൾ തങ്ങളുടെ അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ചൈന ഈ ആവശ്യം ഉന്നയിച്ചത്.
ചൊവ്വാഴ്ച നടന്ന വുഹാൻ വാർത്താ സമ്മേളനത്തിൽ ലോകാരോഗ്യസംഘടന പ്രാഥമിക കണ്ടെത്തലുകൾ വെളിപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷം, യു എൻ ടീം ഉപയോഗിച്ച ഡാറ്റയുടെ സൂക്ഷ്മപരിശോധന നടത്താൻ ആഗ്രഹിക്കുന്നുവെന്ന് അമേരിക്ക അറിയിച്ചു. കോവിഡ് ഉണ്ടാക്കുന്ന വൈറസ് വുഹാനിലെ ഒരു ലബോറട്ടറിയിൽ നിന്നല്ല ഉത്ഭവിച്ചതെന്നും ഉറവിടം വവ്വാലുകളിൽ നിന്നുമായിരിക്കാം എന്നതായിരുന്നു യു എൻ ടീമിന്റെ നിഗമനം. ഇത് സംബന്ധിച്ച വാർത്ത സി ന്യൂസ് ലൈവ് ഇന്നലെ പുറത്തു വിട്ടിരുന്നു.
ചൈനയെപ്പോലെ യുഎസിനും തുറന്നതും സുതാര്യവുമായ ഒരു മനോഭാവം ഉയർത്തിപ്പിടിക്കാനും ഗവേഷണവും പരിശോധനയും കണ്ടെത്തുന്നതിനായി ലോകാരോഗ്യസംഘടനയിലെ വിദഗ്ധരെ യുഎസിലേക്ക് ക്ഷണിക്കാനും തങ്ങൾ ആഗ്രഹിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെൻബിൻ ഒരു ചൈനീസ് ദിനപത്രത്തിനു നൽകിയ അഭിമുഖത്തിലൂടെ അറിയിച്ചു. 2019 ന്റെ അവസാനത്തിൽ വുഹാനിൽ ആദ്യമായി ഉയർന്നുവന്ന കൊറോണ വൈറസിന്റെ ഉത്ഭവം വളരെ രാഷ്ട്രീയവൽക്കരിക്കപ്പെട്ടിരിക്കുന്നു, വൈറസിന് അതിർത്തിക്കപ്പുറത്ത് വേരുകളുണ്ടെന്ന ആശയം ചൈന മുന്നോട്ട് വയ്ക്കുന്നു. ലോകാരോഗ്യസംഘടനയുടെ അന്വേഷണത്തിന്റെ ആസൂത്രണത്തിലും നടപ്പാക്കലിലും ബൈഡൻ ഭരണകൂടം പങ്കാളികളായിട്ടില്ലെന്നും അതിന്റെ കണ്ടെത്തലുകളെക്കുറിച്ചും അടിസ്ഥാന ഡാറ്റയെക്കുറിച്ചും സ്വതന്ത്രമായി അവലോകനം നടത്താൻ ആഗ്രഹിക്കുന്നുവെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി ചൊവ്വാഴ്ച പറഞ്ഞു.
എന്നാൽ അമേരിക്കയുടെ ഈ ആവശ്യത്തെ യുഎസ് ഡാറ്റ പരിശോധിക്കേണ്ടത് ലോകാരോഗ്യ സംഘടനയാണ് എന്ന വാദം നിരത്തി ചൈന തിരിച്ചടിച്ചു. നാലു ആഴ്ച ചൈനയിൽ ചെലവഴിച്ച ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള ടീമിന്റെ തലവനായ പീറ്റർ ബെൻ എംബാരെക് വുഹാനിലെ വൈറോളജി ലാബിൽ നിന്നും ഉള്ള ചോർച്ച നിരസിക്കുന്നതിനുപുറമെ, ശീതീകരിച്ച ഭക്ഷണംവസ്തുക്കളിൽ നിന്നുമാകാം വൈറസ് പകർന്നത് എന്ന് സൂചിപ്പിച്ചു.
ഇത് ചൈനയുടെ വാദത്തെ പിന്തുണയ്ക്കുന്ന വാദമാണ്, കാരണം, ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കളിൽ നിന്നുമാണ് വൈറസ് പടർന്നത് എന്നാണ് ചൈനയുടെ വാദം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ,ചൈനീസ് ലബോറട്ടറിയിൽ നിന്നാണ് പുതിയ കൊറോണ വൈറസ് ഉയർന്നുവന്നതിന് ധാരാളം തെളിവുകൾ ഉണ്ടെന്ന് പറഞ്ഞിരുന്നു.