ഒട്ടാവ: പുറത്താക്കല്‍ ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍.
കുടിയേറ്റ നയങ്ങളില്‍ സര്‍ക്കാര്‍ നടപ്പാക്കിയ മാറ്റങ്ങളാണ് നിരവധി വിദ്യാര്‍ഥികളെ പ്രതിസന്ധിയിലാക്കിയത്. 70,000 ഓളം വിദേശ വിദ്യാര്‍ഥികളാണ് കാനഡയില്‍ നിന്ന് പുറത്താക്കല്‍ ഭീഷണി നേരിടുന്നത്. ഇവരില്‍ വലിയൊരു ശതമാനം ഇന്ത്യക്കാരാണ്.
പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡ് പ്രവിശ്യയിലെ നിയമ നിര്‍മാണ സഭയ്ക്ക് മുന്നിലടക്കം നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയത്. ഒണ്ടാരിയോ, മാനിട്ടോവ, ബ്രിട്ടീഷ് കൊളംബിയ തുടങ്ങിയ മേഖലകളിലും സമാനമായ വിധത്തില്‍ പ്രതിഷേധം അരങ്ങേറുന്നുണ്ട്.
പുതിയ പ്രവിശ്യാ നയങ്ങളിലൂടെ സ്ഥിര താമസ അപേക്ഷകളില്‍ 25 ശതമാനം കുറവ് വരുത്താനും സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്താനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എന്നാലിത് നിരവധി വിദ്യാര്‍ഥികള്‍ക്ക് അപ്രതീക്ഷിത തിരിച്ചടിയായി.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി രാജ്യത്ത് ജനസംഖ്യ വര്‍ധനയുടെ തോത് കൂടിയതാണ് നടപടിയെടുക്കാന്‍ കാരണം എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഫെഡറല്‍ ഡാറ്റ പ്രകാരം, കഴിഞ്ഞ വര്‍ഷത്തെ 97 ശതമാനം ജനസംഖ്യ വര്‍ധനവിന് കാരണം കുടിയേറ്റമാണെന്നാണ് റിപ്പോര്‍ട്ട്.
വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുന്നതോടെ ഈ വര്‍ഷാവസാനം നിരവധി ബിരുദധാരികള്‍ നാടുകടത്തലിന് വിധേയരാകേണ്ടിവരുമെന്ന് വിദ്യാര്‍ഥി അഭിഭാഷക സംഘടനയായ നൗജവാന്‍ സപോര്‍ട്ട് നെറ്റ് വര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
2023 ല്‍ കാനഡയിലെ വിദ്യാര്‍ഥികളില്‍ 37 ശതമാനവും വിദേശ വിദ്യാര്‍ഥികളാണെന്നാണ് കണക്ക്. ഇത് രാജ്യത്തെ ഭവനം, ആരോഗ്യ സംരക്ഷണം, മറ്റ് സേവനങ്ങള്‍ എന്നിവയില്‍ വലിയ സമ്മര്‍ദ്ദമാണ് ഉണ്ടാക്കുന്നതെന്നാണ് കനേഡിയന്‍ സര്‍ക്കാര്‍ പറയുന്നത്.
ഈ പ്രതിസന്ധി മറികടക്കാനാണ് അടുത്ത രണ്ട് വര്‍ഷത്തേക്ക് വിദേശ വിദ്യാര്‍ഥികളുടെ സ്റ്റഡി പെര്‍മിറ്റ് അപേക്ഷകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നടപടി എന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പരിധി നിശ്ചയിക്കുന്നതോടെ 2024 ല്‍ ഏകദേശം 3,60,000 അംഗീകൃത സ്റ്റഡി പെര്‍മിറ്റുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 35 ശതമാനം കുറവാണ്. കാനഡയില്‍ താല്‍കാലികമായി താമസിക്കുന്നവര്‍ രാജ്യത്തിന് പുറത്തു പോയി വീണ്ടും പഠനത്തിനും ജോലിക്കും അപേക്ഷിക്കുന്നത് തടയാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്.
കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ എണ്ണം സര്‍ക്കാര്‍ വെട്ടിക്കുറയ്ക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജോലിയും സ്ഥിര താമസവും ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ക്ക് ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റ് ഏറെ നിര്‍ണായകമായിരുന്നു.
2022 ലെ ഐ.ആര്‍.സി.സി (Immigration, Refugees, and Citizenship Canada) കണക്കനുസരിച്ച് 5.51 ലക്ഷം അന്താരാഷ്ട്ര വിദ്യാര്‍ഥികളാണ് ആ വര്‍ഷം കാനഡയിലെത്തിയത്. അതില്‍ തന്നെ 2.264 ലക്ഷം പേരും, അതായത് 41 ശതമാനം പേരും ഇന്ത്യക്കാരാണ്. എട്ട് ലക്ഷത്തോളം അപേക്ഷകളാണ് നിലവില്‍ പരിഗണനയിലുള്ളത്.
ഇന്ത്യ കഴിഞ്ഞാല്‍ ചൈന, ഫിലിപ്പൈന്‍സ്, ഫ്രാന്‍സ്, നൈജീരിയ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികളെത്തുന്നത്. പത്ത് ലക്ഷത്തോളം ഇന്ത്യക്കാരാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പഠനാവശ്യങ്ങള്‍ക്കായി മാത്രം കാനഡയില്‍ എത്തിയത്. 2022 ഡിസംബര്‍ 31 ലെ കണക്കനുസരിച്ച് 3.19 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയിലുണ്ട്.