സീസണല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സ്‌കീമുമായി അയര്‍ലണ്ട്: നിശ്ചിത മാസങ്ങളില്‍ മാത്രം ജോലി; എല്ലാ വര്‍ഷവും പെര്‍മിറ്റ് പുതുക്കാം

സീസണല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സ്‌കീമുമായി അയര്‍ലണ്ട്: നിശ്ചിത മാസങ്ങളില്‍ മാത്രം ജോലി; എല്ലാ വര്‍ഷവും പെര്‍മിറ്റ് പുതുക്കാം

ഡബ്ലിന്‍: എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് ആക്ട് 2024 പ്രകാരം ഏര്‍പ്പെടുത്തിയ സീസണല്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സ്‌കീം അയര്‍ലണ്ടില്‍ നാളെ പ്രാബല്യത്തില്‍ വരും. പ്രത്യേക മേഖലകളിലെ ഹ്രസ്വകാല തൊഴില്‍ ക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍.

ഹോര്‍ട്ടി കള്‍ച്ചര്‍ മേഖലയില്‍ 2025 മുതലാണ് ഈ സ്‌കീം നടപ്പിലാക്കുന്നത്. സീസണല്‍ തൊഴിലാളികളെ നിയമിക്കുന്നതിന് ഈ മേഖലയിലെ തൊഴിലുടമകള്‍ക്ക് വര്‍ഷം തോറും രജിസ്റ്റര്‍ ചെയ്യാം. ആവര്‍ത്തിച്ചുള്ള സീസണല്‍ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് പെര്‍മിറ്റുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അടുത്ത വര്‍ഷങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് പദ്ധതി വ്യാപിപ്പിച്ചേക്കും.

ഈ സ്‌കീം പ്രകാരം താമസം, പരിശീലനം, ചെലവുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ചുമതലകള്‍ തൊഴിലുടമയുടെ ഉത്തരവാദിത്വമായിരിക്കും. ഇത്തരത്തില്‍ നടപ്പാക്കുന്ന പ്രത്യേക വ്യവസ്ഥകളോടെ സീസണല്‍ പെര്‍മിറ്റുകള്‍ നിയന്ത്രിക്കപ്പെടും.

ഓരോ വര്‍ഷവും നിശ്ചിത മാസങ്ങളിലേയ്ക്ക് മാത്രമായിരിക്കും ഇവര്‍ക്ക് പ്രവേശനം നല്‍കുക. നിശ്ചിത കാലാവധിയ്ക്ക് ശേഷം ഇവര്‍ രാജ്യം വിടണം. എന്നാല്‍ വീണ്ടും അടുത്ത വര്‍ഷങ്ങളിലും ആവശ്യമെങ്കില്‍ പെര്‍മിറ്റ് പുതുക്കി നല്‍കും.

തൊഴിലാളികള്‍ സീസണല്‍ വര്‍ക്ക് പെര്‍മിറ്റ് സംവിധാനം ഉപയോഗിക്കുന്നത് തുടരാനാകുമെന്ന് ഉറപ്പാക്കാന്‍ അവരെ നിയോഗിക്കുന്ന തൊഴിലുടമകളും നിശ്ചിത നിയമ വ്യവസ്ഥകള്‍ പാലിക്കേണ്ടതുണ്ട്.

പുതിയ നിയമം തൊഴിലാളികള്‍ക്ക് അവരുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ ഒരു നിശ്ചിത കാലയളവിന് ശേഷം പുതിയ തൊഴിലുടമകള്‍ക്ക് കൈമാറാനുള്ള അവകാശവും നല്‍കുന്നു. ഇതുവഴി തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ചൂഷണ, അപകട സാധ്യതകള്‍ കുറയ്ക്കുന്നതിനും തൊഴിലാളിയെ സഹായിക്കാനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നു.

സ്‌കീമില്‍ വിവിധ മേഖലകള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് ക്വാട്ടകള്‍ ഉള്‍പ്പെടുന്നു. ഒരു പ്രത്യേക തൊഴില്‍ മേഖലയ്ക്ക് നിശ്ചിത എണ്ണത്തില്‍ കൂടുതല്‍ സീസണല്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ വിതരണം ചെയ്യില്ല. അവയുടെ വിതരണം തൊഴില്‍ വിപണി ആവശ്യങ്ങളെ അടിസ്ഥാനമാക്കി സര്‍ക്കാരിന് ക്രമീകരിക്കാന്‍ കഴിയും.

സാമ്പത്തിക സാഹചര്യങ്ങളോടും തൊഴിലുടമയുടെ ആവശ്യങ്ങളോടും സമരസപ്പെടുത്തിയാവും കൂടുതല്‍ തൊഴിലാളികളെ അനുവദിക്കേണ്ടതുണ്ടോ എന്ന് സര്‍ക്കാര്‍ നിശ്ചയിക്കുക.

യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളിലെ സ്‌കില്‍ഡ് വര്‍ക്കേഴ്സ് മാത്രമായിരുന്നു ഇത് വരെ അയര്‍ലണ്ടില്‍ എത്തിയിരുന്നത്.എന്നാല്‍ പുതിയ സീസണല്‍ എംപ്ലോയ്‌മെന്റ് സ്‌കീം നയത്തിന്റെ ഭാഗമായി ജോലി പരിചയത്തിന് പ്രത്യേക ആവശ്യമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല.

അതുകൊണ്ടു തന്നെ സംഘടിത റിക്രൂട്ട്മെന്റുകള്‍ക്ക് പുറമെ ജോലി തട്ടിപ്പുകളും ഇതിന്റെ ഭാഗമായി ഉണ്ടായേക്കാം. അതിനാല്‍ ഇക്കര്യത്തില്‍ ജാഗ്രത പാലിക്കുകയും വേണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.