ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു; കൊല്ലപ്പെട്ടവരിൽ യുഎസ് പൗരനും

ഹമാസ് ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തു; കൊല്ലപ്പെട്ടവരിൽ യുഎസ് പൗരനും

ജറുസലേം: ഒക്ടോബർ ഏഴിന് ഹമാസ് തട്ടികൊണ്ടുപോയ ബന്ദികളിൽ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രയേൽ. ശനിയാഴ്ച ഗാസ മുനമ്പിൽ ഇസ്രയേലി സൈന്യം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. കൊല്ലപ്പെട്ടവരിൽ അമേരിക്കൻ - ഇസ്രയേലി പൗരനായ ഹെർഷ് ഗോൾഡ്ബർഗ് - പോളിനും ഉള്ളതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സ്ഥിരീകരിച്ചു. ഹമാസിന്റെ തുരങ്കങ്ങളിൽ നടത്തിയ പരിശോധനയിലാണ് ജീവനറ്റ ശരീരങ്ങൾ ലഭിച്ചത്.

കാർമൽ ഗാറ്റ്, ഈഡൻ യെരുഷാൽമി, ഹെർഷ് ഗോൾഡ്‌ബെർഗ്-പോളിൻ, അലക്‌സാണ്ടർ ലോബനോവ്, അൽമോഗ് സരുസി, മാസ്റ്റർ സർജൻ്റ് ഒറി ഡാനിനോ എന്നിവരുടെ മൃതദേഹങ്ങളാണ് ലഭിച്ചതെന്ന് ഇസ്രയേൽ അറിയിച്ചു.

മരണ വാർത്ത തന്നെ തകർത്തുവെന്നും രോഷാകുലനാക്കുന്നുവെന്നുമായിരുന്നു ജോ ബൈഡന്റെ പ്രതികരണം. മരണത്തിന് കാരണക്കാരായ ഹമാസ് നേതാക്കൾ ഇതിന് മറുപടി പറയേണ്ടി വരുമെന്നും ബന്ദികളെ മോചിപ്പിക്കാനുള്ള കരാറിനായി അശ്രാന്ത പരിശ്രമം തുടരുമെന്നും ബൈഡൻ അറിയിച്ചു.

ഗോൾഡൻബെർഗിനെ വിട്ടുകിട്ടാൻ കുടുംബാംഗങ്ങൾ ഫ്രാൻസിസ് മാർപാപ്പ, ജോ ബൈഡൻ തുടങ്ങിയവരുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. വിഷമഘട്ടത്തിൽ കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിച്ച ഹെർഷ് ഗോൾഡൻബർഗിന്റെ കുടുംബം മരണ വാർത്ത ഹൃദയം നുറുങ്ങുന്ന വേദന ഉണ്ടാക്കിയതായി അറിയിച്ചു. ഹെർഷ് ഗോൾഡൻബർഗിന്റെ മരണം സ്ഥിരീകരിച്ച ബൈഡന്റെ പ്രഖ്യാപനത്തിന് പിന്നാലെ, ഇസ്രയേലി ബന്ദികളിൽ മിക്കവാറും ഹമാസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ചിട്ടുണ്ടാകുമെന്ന അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.