ടെഹ്‌റാൻ: ഇറാൻ പ്രസിഡൻറായിരുന്ന ഇബ്രാഹിം റെയ്‌സിയുടെ മരണത്തിനിടയാക്കിയ ഹെലികോപ്ടർ അപകടത്തിന്റെ കാരണം മോശം കാലാവസ്ഥയാണെന്ന് സർക്കാർ വൃത്തങ്ങൾ. അസർബൈജാൻ അതിർത്തി മേഖലക്കടുത്തുള്ള പർവതപ്രദേശത്തെ കനത്ത മൂടൽ മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചത്. സങ്കീർണമായ കാലാവസ്ഥയും അന്തരീക്ഷവും കാരണം ഹെലികോപ്ടർ പർവതത്തിൽ ഇടിച്ചിറങ്ങുകയായിരുന്നു.
കനത്ത മഞ്ഞിന്റെ പെട്ടെന്നുള്ള വരവ് മേഖലയിലെ ഹെലികോപ്ടറിന്റെ യാത്രക്ക് തടസമായെന്നും ഉന്നത സമിതി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ യാതൊരു ദുരൂഹതയും ഇല്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു
മേയ് 12 ന് ഇറാൻറെ കിഴക്കൻ അസർബൈജാൻ അതിർത്തി മേഖലയിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് പ്രസിഡൻറ് ഇബ്രാഹീം റെയ്‌സിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാനും പ്രവിശ്യ ഗവർണർ ഉൾപ്പെടെ ഒമ്പത് പേർ കൊല്ലപ്പെട്ടത്.
ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു. അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പമാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരികെ വരുംവഴിയാണ് അപകടം. മൂന്ന് ഹെലികോപ്ടറുകളിലായാണ് റെയ്‌സി സംഘവും പുറപ്പെട്ടത്. മറ്റ് രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.