മതാന്തര സംവാദങ്ങൾ വേണം; തീവ്രവാദം എതിർക്കപ്പെടണം : ഇന്തോനേഷ്യയിലെ ആദ്യ പ്രസം​ഗത്തിൽ മാർപാപ്പ

മതാന്തര സംവാദങ്ങൾ വേണം; തീവ്രവാദം എതിർക്കപ്പെടണം : ഇന്തോനേഷ്യയിലെ ആദ്യ പ്രസം​ഗത്തിൽ മാർപാപ്പ

ജക്കാര്‍ത്ത: ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ഫ്രാന്‍സിസ് മാർപാപ്പ നടത്തുന്ന അപ്പസ്തോലിക സന്ദര്‍ശനം തുടരുന്നു. ജക്കാർത്തയിലെ ഇസ്താന നെഗാര പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ രാജ്യത്തെ അധികാരികൾ, സിവിൽ സൊസൈറ്റി, നയതന്ത്ര സേന ഉദ്യോ​ഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യൻ മണ്ണിൽ തൻ്റെ ആദ്യ പ്രസംഗം നടത്തി. 

വ്യത്യസ്‌ത സംസ്‌കാരങ്ങളും മതങ്ങളുമുള്ള ഈ നാട്ടിൽ‌ ഇന്തോനേഷ്യൻ ജനത വിശ്വാസത്തിലും സാഹോദര്യത്തിലും അനുകമ്പയിലും വളരട്ടെ എന്ന് പാപ്പ ആശംസിച്ചു. തന്നെ ഇന്തോനേഷ്യയിലേക്ക് സ്വാഗതം ചെയ്‌തതിന് എല്ലാവരോടും മാർപ്പാപ്പ നന്ദിയും പറഞ്ഞു.

മതാന്തര സംവാദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും "സമാധാനപരവും ഫലവത്തായതുമായ ഐക്യം" വളർത്തിയെടുക്കുന്നതിലും കത്തോലിക്കാ സഭയുടെ ഇടപെടൽ ഉണ്ടാകുമെന്ന് ഫ്രാൻസിസ് മാർപാപ്പ വാഗ്ദാനം ചെയ്തു. മതാന്തര സംവാദം മുൻവിധികൾ ഇല്ലാതാക്കാനും പരസ്പര ബഹുമാനത്തിൻ്റെയും വിശ്വാസത്തിൻ്റെയും അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കും. വഞ്ചനയിലൂടെയും അക്രമത്തിലൂടെയും ആളുകളുടെ മതവിശ്വാസങ്ങളെ വളച്ചൊടിച്ചു. തീവ്രവാദത്തെ അടിച്ചമർത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ മതാന്തര സംവാദങ്ങൾ ആവശ്യമാണെന്നും പാപ്പ പറഞ്ഞു. ഇന്തോനേഷ്യയുടെ 1945 ൽ രൂപീകൃതമായ ഭരണഘടനയുടെ ആമുഖത്തിൽ "സർവ്വശക്തനായ ദൈവത്തെയും" സാമൂഹ്യ നീതിയെയും പരാമർശിക്കുന്നതായി മാർപ്പാപ്പ ചൂണ്ടിക്കാണിച്ചു.

ഫ്രാൻസിസ് മാർപാപ്പയും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയും
1989 ൽ ജക്കാർത്ത സന്ദർശിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ വാക്കുകൾ മാർപാപ്പ അനുസ്മരിച്ചു, "എല്ലാ പൗരന്മാരുടെയും മനുഷ്യ - രാഷ്ട്രീയ ജീവിതത്തെ ബഹുമാനിക്കാനും സഹിഷ്ണുതയിലും മറ്റുള്ളവരോടുള്ള ബഹുമാനത്തിലും അധിഷ്ഠിതമായ ദേശീയ ഐക്യത്തിൻ്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കാനും ഇന്തോനേഷ്യൻ അധികാരികളെ പാപ്പ ക്ഷണിച്ചു.

അനാഥരെയും ഭവനരഹിതരായ കുട്ടികളെയും അഭിവാദ്യം ചെയ്ത് മാർപാപ്പ
ജക്കാർത്തയിലെ അപ്പസ്തോലിക് ന്യൂൺഷ്യേച്ചറിൽ എത്തിയ ഫ്രാൻസിസ് പാപ്പയെ സ്വീകരിച്ചത് ഒരു കൂട്ടം അഭയാർത്ഥികളായിരുന്നു. ജെസ്യൂട്ട് അഭയാർത്ഥി സർവീസ് ഏറ്റെടുത്ത ആളുകളാണ് ഇവർ. അതോടൊപ്പം ഡൊമിനിക്കൻ സന്യാസിനികൾ വളർത്തിയ അനാഥരായ കുട്ടികളും ഉണ്ടായിരുന്നു.

ആദരവുമായി ഇന്തോനേഷ്യൻ സർക്കാർ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി
ഫ്രാന്‍സിസ് പാപ്പയുടെ സന്ദര്‍ശനത്തിനുള്ള ആദരവുമായി ഇന്തോനേഷ്യൻ സർക്കാർ പ്രത്യേക സ്റ്റാമ്പുകള്‍ പുറത്തിറക്കി. സെപ്റ്റംബർ രണ്ടിന് കമ്മ്യൂണിക്കേഷൻ & ഇൻഫർമേഷൻ മന്ത്രാലയവും സർക്കാർ ഉടമസ്ഥതയിലുള്ള പി ടി പോസ് ഇന്തോനേഷ്യയും ചേർന്നാണ് ജക്കാർത്തയിൽവെച്ച് സ്റ്റാമ്പുകൾ പുറത്തിറക്കിയത്. ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനത്തിനായി സ്റ്റാമ്പുകൾ പുറത്തിറക്കിയത് ഇന്തോനേഷ്യയിലെ കത്തോലിക്ക സഭയെ സംബന്ധിച്ചിടത്തോളം ലഭിക്കുന്ന വലിയ ബഹുമതിയാണെന്ന് ജക്കാർത്ത ആർച്ച് ബിഷപ്പ് കർദിനാൾ ഇഗ്നേഷ്യസ് സുഹാരിയോ പറഞ്ഞു.

അഭയാർത്ഥി കുട്ടികൾക്കൊപ്പം മാർപാപ്പ

രാജ്യത്തുടനീളം വിതരണം ചെയ്യുന്ന പ്രത്യേക സ്റ്റാമ്പുകൾ വഴി മാർപാപ്പയുടെ സന്ദർശനത്തിന്റെ സന്ദേശം ജനങ്ങളിലെത്തുമെന്ന് അദേഹം പ്രത്യാശ പ്രകടിപ്പിച്ചു. "വിശ്വാസം, സാഹോദര്യം, അനുകമ്പ" എന്ന മാർപാപ്പയുടെ സന്ദർശന പ്രമേയം രാജ്യത്തെ കത്തോലിക്കാ സഭയുടെ ഏകത്വം വളർത്തിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്തംബർ അഞ്ചിന് ഗെലോറ ബംഗ് കർണോ മെയിൻ സ്റ്റേഡിയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ ഫ്രാൻസിസ് പാപ്പ സ്റ്റാമ്പുകൾ ആശീർവദിക്കുമെന്ന് കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥനായ ഹുതഗാലുങ് പറഞ്ഞു.

ഭാരതം ഉൾപ്പെടെയുള്ള 11 രാജ്യങ്ങളിലെ ജനങ്ങൾക്ക് ആശംസകൾ അറിയിച്ച് മാർപാപ്പ

ഇന്ത്യയും പാക്കിസ്ഥാനുമുൾപ്പടെ പതിനൊന്നു രാജ്യങ്ങളുടെ തലവന്മാർക്ക് ആശംസകളുമായി ഫ്രാന്‍സിസ് പാപ്പ. റോമിൽ നിന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കുള്ള യാത്രാവേളയിലാണ് പാപ്പ ടെലഗ്രാമിലൂടെ സന്ദേശമയച്ചത്. അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഓരോ രാജ്യങ്ങളുടെയും വ്യോമയാന മേഖലകളിലൂടെ കടന്ന് പോകുമ്പോള്‍ പാപ്പ സന്ദേശം അയയ്ക്കുന്നത് പതിവാണ്. സർവ്വശക്തനായ ദൈവം ഇന്ത്യയ്ക്ക് സമാധാനത്തിൻറെയും ക്ഷേമത്തിൻറെയും അനുഗ്രഹങ്ങൾ സമൃദ്ധമായി നൽകട്ടെയെന്ന് പാപ്പ ആശംസിച്ചു.

റോമിൽ നിന്ന് ഇടയ സന്ദർശനത്തിന്റെ പ്രഥമ വേദിയായ ഇന്തോനേഷ്യയിലേക്കുള്ള വിമാനയാത്രാവേളയിൽ ഇന്ത്യയ്ക്കു മുകളിലൂടെ വിമാനം സഞ്ചരിക്കവേയാണ് ഭാരതത്തിൻറെ രാഷ്ട്രപതി ദ്രൗപതി മുർമുവിന് ടെലെഗ്രാം സന്ദേശമയച്ചത്. ഇന്ത്യയ്ക്കു പുറമെ, ഇറ്റലി, ക്രൊയേഷ്യ, ബോസ്നിയ ഹെർസഗോവീന, സെർബിയ, ബൾഗേറിയ, തുർക്കി, ഇറാൻ, പാക്കിസ്ഥാൻ, മലേഷ്യ എന്നീ രാജ്യങ്ങള്‍ക്കും പാപ്പ ആശംസ സന്ദേശം അയച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യന്‍ സന്ദർശനം 2020-ൽ തീരുമാനിച്ചിരിന്നതാണ്. എന്നാൽ കോവിഡ് 19 മഹാമാരിയെ തുടര്‍ന്നു യാത്ര റദ്ദാക്കുകയായിരിന്നു. വത്തിക്കാനും ഇന്തോനേഷ്യൻ സർക്കാരും തമ്മിൽ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സെപ്റ്റംബര്‍ മാസത്തേക്ക് സന്ദര്‍ശനം ക്രമീകരിക്കുവാന്‍ തീരുമാനിച്ചത്.

ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹത്തിലേക്ക് ആദ്യമായി സന്ദര്‍ശനം നടത്തിയത് പോൾ ആറാമൻ പാപ്പയായിരിന്നു. 1970 ഡിസംബർ മൂന്നിനായിരിന്നു സന്ദര്‍ശനം. 1989 ഒക്ടോബർ എട്ട് മുതൽ 12 വരെ ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഇന്തോനേഷ്യ സന്ദര്‍ശിച്ചു. വടക്കൻ സുമാത്ര, ജാവ ഉള്‍പ്പെടെയുള്ള മേഖലകളിലും ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ അന്ന് സന്ദര്‍ശനം നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.