നെയ്‌റോബി: സെൻട്രൽ കെനിയയിലെ സ്കൂളിൽ ഉണ്ടായ തീപിടിത്തത്തിൽ 17 വിദ്യാർഥികൾ കൊല്ലപ്പെട്ടു. തീപിടിത്തത്തിൽ 14 വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റതായും മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ് വക്താവ് റെസില ഒനിയാംഗോ പറഞ്ഞു. നൈറി കൗണ്ടിയിലെ ഹിൽസൈഡ് എൻഡരാഷ പ്രൈമറി സ്‌കൂളിലെ ഡോർമട്ടറിയിലാണ് തീപിടുത്തമുണ്ടായത്.
തീപിടിത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. വിദ്യാർഥികൾക്കും അധ്യാപകർക്കും ദുരിത ബാധിതരായ കുടുംബങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും സ്‌കൂളിൽ ഹെൽപ് ഡെസ്‌ക് സജ്ജീകരിച്ചിട്ടുണ്ടെന്നും കെനിയ റെഡ് ക്രോസ് അറിയിച്ചു. പ്രസിഡന്റ് വില്യം റൂട്ടോ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.
അതേസമയം കെനിയൻ ബോർഡിംഗ് സ്‌കൂളുകളിൽ ഇതിന് മുൻപും തീപിടുത്തം ഉണ്ടായിട്ടുണ്ട്. 2017ൽ തലസ്ഥാനമായ നെയ്‌റോബിയിലെ സ്‌കൂളിലുണ്ടായ തീപിടിത്തത്തിൽ പത്ത് ഹൈസ്‌കൂൾ വിദ്യാർഥികൾ മരിച്ചിരുന്നു.