വലിയ ഇടയനോടൊപ്പം ദിവ്യബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്ന് സിംഗപ്പൂര്‍ ജനത; അപ്പസ്‌തോലിക യാത്ര പൂര്‍ത്തിയാക്കി മാര്‍പാപ്പ റോമിലേക്കു മടങ്ങി

വലിയ ഇടയനോടൊപ്പം ദിവ്യബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്ന് സിംഗപ്പൂര്‍ ജനത; അപ്പസ്‌തോലിക യാത്ര പൂര്‍ത്തിയാക്കി മാര്‍പാപ്പ റോമിലേക്കു മടങ്ങി

സിംഗപ്പൂര്‍ സിറ്റി: ഇന്തോനേഷ്യ, പാപ്പുവ ന്യൂഗിനിയ, ഈസ്റ്റ് ടിമോര്‍, സിംഗപ്പൂര്‍ എന്നീ നാലു രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ചരിത്രപരമായ അപ്പസ്‌തോലിക യാത്ര പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ റോമിലേക്കു മടങ്ങി. ഇടയസന്ദര്‍ശനത്തിന്റെ അവസാന വേദിയായ സിംഗപ്പൂരില്‍ പ്രസിഡന്റ് തര്‍മന്‍ ഷണ്‍മുഖരത്‌നം, പ്രധാനമന്ത്രി ലോറന്‍സ് വോങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ മാര്‍പാപ്പ യൂണിവേഴ്‌സിറ്റി പരിപാടിക്കുശേഷം നാഷണല്‍ സ്റ്റേഡിയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

അന്‍പതിനായിരത്തോളം വിശ്വാസികളാണ് മാര്‍പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ എത്തിയത്. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ആവേശഭരിതരായ ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

1986ന് ശേഷം സിംഗപ്പൂരില്‍ നടന്ന ആദ്യത്തെ പേപ്പല്‍ ബലിയര്‍പ്പണമായിരുന്നു ഇത്. വൈകുന്നേരം വെള്ള ബഗ്ഗി കാറില്‍ സ്റ്റേഡിയത്തിന് ചുറ്റും സഞ്ചരിച്ച് കുട്ടികളെയും കുഞ്ഞുങ്ങളെയും ആശീര്‍വദിക്കുകയും അടുത്ത് കണ്ടുമുട്ടിയവര്‍ക്ക് ജപമാലകള്‍ സമ്മാനിക്കുകയും ചെയ്തതിന് ശേഷമാണ് പാപ്പ ദിവ്യബലിയര്‍പ്പിച്ചത്. മലേഷ്യയില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളും വിയറ്റ്‌നാമീസ് കത്തോലിക്കരും കര്‍ദിനാള്‍ സ്റ്റീഫന്‍ ചൗവിന്റെ നേതൃത്വത്തില്‍ ഹോങ്കോങ്ങില്‍ നിന്നുള്ള പ്രതിനിധി സംഘവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു.

സിംഗപ്പൂരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പരിശുദ്ധ കുര്‍ബാന അര്‍പ്പിച്ച വേദിയില്‍ സിറോ മലബാര്‍ സഭാ എമരിറ്റസ് മേജര്‍ ആര്‍ച്ച് ബിഷപ്പും കര്‍ദിനാളുമായ മാര്‍ ജോര്‍ജ് ആലഞ്ചേരിയും പങ്കെടുത്തു.

സ്‌നേഹമാണ് സുവിശേഷത്തിന്റെ കേന്ദ്രമെന്ന് കുര്‍ബാനമധ്യേയുള്ള സന്ദേശത്തില്‍ മാര്‍പാപ്പ ഓര്‍മിപ്പിച്ചു. സിംഗപ്പൂരിന്റെ മനോഹാരിതയെക്കുറിച്ചും നഗരത്തെ ഇത്രയും ആകര്‍ഷകമാക്കുന്ന മഹത്തായ വാസ്തുവിദ്യയെക്കുറിച്ചും മാര്‍പാപ്പ പരാമര്‍ശിച്ചു.

ആളുകള്‍ ചെയ്യുന്ന മഹത്തായ പ്രവൃത്തികളുടെ അടിസ്ഥാനം പണമോ സാങ്കേതികതയോ എന്‍ജിനീയറിങ് കഴിവുകളോ മാത്രല്ലെന്നും അത് സ്‌നേഹമാണെന്നും പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു.

സെപ്റ്റംബര്‍ 2 മുതല്‍ 13 വരെ നടന്ന സന്ദര്‍ശനത്തില്‍ ഇന്തോനേഷ്യ, പാപ്പുവാ ന്യൂ ഗിനിയ, ഈസ്റ്റ് തിമോര്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും രാജ്യങ്ങളിലെ ഭരണാധികാരികള്‍, നയതന്ത്ര പ്രതിനിധികള്‍, വ്യത്യസ്ത മത നേതാക്കള്‍, വിശ്വാസികള്‍ എന്നീ വിവിധ തലങ്ങളിലുള്ളവരെ സന്ദര്‍ശിക്കുകയും അവരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. ലോകത്ത് ഏറ്റവും കൂടുതല്‍ ഇസ്ലാംമത വിശ്വാസികളുള്ള രാജ്യമായ ഇന്തോനേഷ്യ അടക്കമള്ള പാപ്പായുടെ യാത്രകള്‍ പ്രത്യേകമായി മതാന്തര സംവാദത്തിനും ഐക്യദാര്‍ഢ്യത്തിനും സമാധാനത്തിനും പ്രാധാന്യം നല്‍കി.

സിംഗപ്പൂരിലെ പാപ്പായുടെ അവസാന ഔദ്യോഗിക പരിപാടി യുവജനങ്ങളുമായുള്ള മതാന്തര സംഭാഷണമായിരുന്നു. ധൈര്യശാലികളായിരിക്കാനും എപ്പോഴും സുഖകരമായിരിക്കാനുള്ള ആഗ്രഹത്തില്‍ നിന്നും പുറത്തുകടക്കാനും പാപ്പാ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.