കാന്‍ബറ: ക്രിമിനല്‍ സംഘങ്ങള്‍ ആശയവിനിമയത്തിന് ഉപയോഗിക്കുന്ന 'ഗോസ്റ്റ്' എന്ന പ്ലാറ്റ്ഫോമില്‍ നുഴഞ്ഞുകയറിയ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് (എഎഫ്പി) രാജ്യവ്യാപകമായി അറസ്റ്റ് ചെയ്തത് 38-ലധികം കുറ്റവാളികളെ. ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, വെസ്റ്റേണ്‍ ഓസ്ട്രേലിയ എന്നീ സംസ്ഥാനങ്ങളിലാണ് വ്യാപകമായ അറസ്റ്റുണ്ടായത്. 205 കിലോഗ്രാം മയക്കുമരുന്ന്, 25 ആയുധങ്ങള്‍, 811381 ഡോളര്‍ എന്നിവയും പിടിച്ചെടുത്തു.
കുറ്റവാളികള്‍ക്ക് രഹസ്യമായി ആശയവിനിമയം നടത്താന്‍ പ്രത്യേകം വികസിപ്പിച്ചെടുത്ത എന്‍ക്രിപ്റ്റഡ് കമ്മ്യൂണിക്കേഷന്‍ ആപ്പാണ് ഗോസ്റ്റ്. സുരക്ഷാ ഏജന്‍സികള്‍ക്ക് പെട്ടെന്ന് കണ്ടെത്താനാകില്ല എന്നതാണ് ഇത്തരം എന്‍ക്രിപ്റ്റഡ് ആപ്പുകളുടെ പ്രധാന പ്രത്യേകത.
അറസ്റ്റിലായവരില്‍ സിഡ്നി സ്വദേശിയായ ജയ് ജെ യൂന്‍ ജങ്ങും ഉള്‍പ്പെടുന്നു. 'ഗോസ്റ്റ്' എന്ന ആപ്പ് സൃഷ്ടിക്കുകയും നിയന്ത്രിക്കുകയും ചെയ്തത് ഇയാളാണെന്ന് എ.എഫ്.പി കണ്ടെത്തിയിട്ടുണ്ട്.
ഈ പ്ലാറ്റ്‌ഫോം മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവയ്ക്കു വേണ്ടിയാണ് ഉപയോഗിച്ചിരുതെന്ന് എ.എഫ്.പി കമാന്‍ഡര്‍ പോള ഹഡ്‌സണ്‍ ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷനോട് പറഞ്ഞു.
2015-ലാണ് ജയ് ജെ യൂന്‍ ജങ് ഈ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. ഈ ആപ്പിലൂടെ ലക്ഷക്കണക്കിന് ഡോളറാണ് പ്രതി സ്വന്തമാക്കിയത്. 32-കാരനായ ജയ് ജെ യൂന്‍ ജങ്ങിനെ സിഡ്‌നി കോടതിയില്‍ ഹാജരാക്കി. നവംബര്‍ വരെ ജയിലില്‍ തുടരും.
കാനഡ, സ്വീഡന്‍, അയര്‍ലന്‍ഡ്, ഇറ്റലി എന്നിവിടങ്ങളില്‍ നിയമ നിര്‍വ്വഹണ ഏജന്‍സികളുമായി സഹകരിച്ചായിരുന്നു ഓസ്‌ട്രേലിയന്‍ പൊലീസിന്റെ ഓപ്പറേഷന്‍. ഏറെ നാളുകളായി ഈ പ്ലാറ്റ്‌ഫോം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഓസ്ട്രേലിയയിലേക്ക് മയക്കുമരുന്ന് ഇറക്കുമതി ചെയ്യാന്‍ 'ഗോസ്റ്റി'നെ ഉപയോഗിച്ചിരുന്ന ആറംഗ ക്രിമിനല്‍ സംഘത്തെയാണ് ന്യൂ സൗത്ത് വെയിസില്‍ അറസ്റ്റ് ചെയ്തതെന്ന് എ.എഫ്.പി അറിയിച്ചു.
മാര്‍ച്ച് മുതലുള്ള 125,000 സന്ദേശങ്ങളും 120 വീഡിയോ കോളുകളും നിരീക്ഷിച്ചതിലൂടെ 50 പേരെ കൊല്ലാനും തട്ടിക്കൊണ്ടുപോകാനുമുള്ള ശ്രമങ്ങള്‍ക്ക് തടയിടാന്‍ ഓസ്ട്രേലിയന്‍ പോലീസിന് കഴിഞ്ഞിട്ടുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ കിര്‍സ്റ്റി സ്‌കോഫീല്‍ഡ് പറഞ്ഞു. ആശയവിനിമയങ്ങള്‍ ഡീക്രിപ്റ്റ് ചെയ്യാന്‍ ഫ്രാന്‍സിന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള നാഷണല്‍ സൈബര്‍ കമാന്‍ഡ് ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്മെന്റാണ് ഓസ്‌ട്രേലിയക്ക് സാങ്കേതിക വിഭവങ്ങള്‍ നല്‍കിയത്.