സൈലന്റ് അറ്റാക്ക്: ഹിസ്ബുള്ളയുടെ പേജറുകള്‍ നിര്‍മിച്ച് നല്‍കിയത് ഇസ്രയേല്‍ ഷെല്‍ കമ്പനി; അണുവിട തെറ്റാത്ത ആസൂത്രണം

സൈലന്റ് അറ്റാക്ക്: ഹിസ്ബുള്ളയുടെ പേജറുകള്‍ നിര്‍മിച്ച് നല്‍കിയത് ഇസ്രയേല്‍ ഷെല്‍ കമ്പനി; അണുവിട തെറ്റാത്ത ആസൂത്രണം

സ്‌ഫോടന പരമ്പരകളെ തുടര്‍ന്ന് ഹിസ്ബുള്ള അംഗങ്ങള്‍ക്ക് ഇപ്പോള്‍ പേജറുകള്‍ കാണുന്നത് പോലും പേടിയായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ന്യൂയോര്‍ക്ക്: ലെബനനില്‍ 20 ഓളം പേരുടെ മരണത്തിനിടയാക്കുകയും നിരവധിയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടന പരമ്പരയ്ക്ക് കാരണമായ പേജറുകള്‍ ഹിസ്ബുള്ളയ്ക്ക് നിര്‍മിച്ച് നല്‍കിയത് ഇസ്രയേലിന്റെ കടലാസ് കമ്പനിയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹംഗറി ആസ്ഥാനമായ ബിഎസി കണ്‍സള്‍ട്ടിങാണ് പൊട്ടിത്തെറിച്ച പേജറുകള്‍ നിര്‍മിച്ചത്. ഇതൊരു ഇസ്രയേല്‍ ഷെല്‍ കമ്പനിയാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹിസ്ബുള്ളയുടെ ആശയ വിനിമയ ശൃംഖല തകര്‍ക്കാന്‍ ഇസ്രയേലി രഹസ്യാന്വേഷണ ഏജന്‍സികളുടെ വളരെ ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമായിരുന്നു ഈ സ്ഫോടനങ്ങളെന്നാണ് വിവരം.

മറ്റുള്ളവര്‍ക്ക് ചിന്തിക്കാനാവാത്ത സങ്കീര്‍ണമായ രഹസ്യ ആക്രമണങ്ങള്‍ നടപ്പാക്കാന്‍ കഴിവുള്ളവര്‍ എന്ന പേര് ഇസ്രയേലിന് നേരത്തേ മുതലുണ്ട്. ഇപ്പോഴത്തെ ആക്രമണ പരമ്പരകളിലൂടെ അതവര്‍ അരക്കിട്ടുറപ്പിക്കുകയും ചെയ്തു.

ഇസ്രയേലിന്റെ ഹൈടെക് ആക്രമണങ്ങളില്‍ നിന്ന് രക്ഷപ്പെടാനും നിരീക്ഷണമൊഴിവാക്കാനും സംഘടനയിലെ അംഗങ്ങള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ള കഴിഞ്ഞ വര്‍ഷം മുന്നറിയിപ്പു നല്‍കിയിരുന്നു.

'നിങ്ങളും ഭാര്യമാരും മക്കളും ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇസ്രയേല്‍ ഏജന്റാണ്. അതിനാല്‍ അവയെ കുഴിച്ചു മൂടുക' എന്നാണ് 2022 ഫെബ്രുവരിയില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസ്രള്ള അനുയായികളോട് ആഹ്വാനം ചെയ്തത്. അതിനു പകരം ട്രാക്കിങ് സാധ്യമല്ലാത്ത പേജറുകള്‍ ഉപയോഗിക്കാനായിരുന്നു നിര്‍ദേശം.

എന്നാല്‍ തങ്ങളുടെ ചാരശൃംഖല വഴി ഇത് മുന്‍കൂട്ടി മനസിലാക്കിയ ഇസ്രയേല്‍ ഇതിന്റെ ഭാഗമായി പേജറുകളുണ്ടാക്കാന്‍ 2022 മെയിലാണ് ഹംഗറിയില്‍ ബിഎസി കണ്‍സള്‍ട്ടിങ് എന്ന പേരില്‍ കമ്പനി ആരംഭിച്ചത്.

തയ്വാന്‍ കമ്പനിയായ 'ഗോള്‍ഡ് അപ്പോളോ'യുടെ ട്രേഡ് മാര്‍ക്ക് ഉപയോഗിച്ച് പേജറുകളുണ്ടാക്കാന്‍ ഈ സ്ഥാപനം ലൈസന്‍സ് നേടിയെടുത്തു. തങ്ങളുമായുള്ള ബന്ധം മറച്ചു വെക്കാന്‍ ഇത്തരത്തില്‍ രണ്ട് കടലാസ് കമ്പനികള്‍ കൂടി ഇസ്രയേല്‍ ഉണ്ടാക്കുകയും ചെയ്തു.

സാധാരണ ഉപയോക്താക്കളില്‍ നിന്നാണ് പേജറുകള്‍ക്കുള്ള കരാര്‍ ബിഎസി. എടുത്തിരുന്നത്. പക്ഷേ, ഹിസ്ബുള്ളയായിരുന്നു ലക്ഷ്യം. അവര്‍ക്കുള്ള പേജറുകള്‍ പ്രത്യേകമുണ്ടാക്കി. അതിലെ ബാറ്ററികള്‍ക്ക് സമീപം സ്ഫോടക വസ്തുവായ പെന്റാ എറിത്രിയോള്‍ ടെട്രാേൈന്രേടറ്റ് (പി.ഇ.ടി.എന്‍) തിരുകി വെച്ചു.

ഇസ്രയേലുമായി ഒരു സംഘര്‍ഷം ഉണ്ടായാല്‍ എമര്‍ജന്‍സ് കമ്യൂണിക്കേഷന്‍ സിസ്റ്റത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയുള്ള പേജറുകളാണ് വിതരണം ചെയ്തത്. 2022 ല്‍ തന്നെ കുറച്ചു പേജറുകള്‍ ലെബനനിലേക്ക് കയറ്റിയയച്ചു. നസ്രള്ളയുടെ ആഹ്വാനം വന്നതോടെ സ്ഫോടക വസ്തു വെച്ച പേജറുകളുടെ ഉല്‍പാദനം കൂട്ടുകയും ചെയ്തു.

നേതാവിന്റെ ആഹ്വാന പ്രകാരം മൊബൈലുകള്‍ ഉപേക്ഷിച്ചതോടെ ആശയ വിനിമയത്തിന് ഹിസ്ബുള്ള വ്യാപകമായി ഉപയോഗിച്ചിരുന്നത് പേജറുകളെയാണ്. സ്‌ഫോടന പരമ്പരകളെ തുടര്‍ന്ന് ഹിസ്ബുള്ള അംഗങ്ങള്‍ക്ക് ഇപ്പോള്‍ പേജറുകള്‍ കാണുന്നത് പോലും പേടിയായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

ഇതോടെ ഹിസ്ബുള്ളയുടെ അംഗങ്ങള്‍ തമ്മിലുള്ള ആശയ വിനിമയം ഏറക്കുറെ ഇല്ലാതായ അവസ്ഥയിലാണ്. മാത്രമല്ല തങ്ങളുടെ ആശയ വിനിമയ ശൃംഖലയിലേക്ക് ഇസ്രയേല്‍ എത്രത്തോളം കടന്നുകയറി എന്നതിലും ഹിസ്ബുള്ളയ്ക്ക് വ്യക്തതയില്ല.

ആശയ വിനിമയ സംവിധാനം അവതാളത്തിലായതോടെ തങ്ങള്‍ക്കെതിരെ ഉള്‍പ്പെടെയുള്ള വന്‍ ഓപ്പറേഷനുകള്‍ നടത്താന്‍ ഹിസ്ബുള്ള മടിക്കുമെന്നാണ് ഇസ്രയേലിന്റെ കണക്കുകൂട്ടല്‍. മാത്രമല്ല ഫണ്ട്, ആയുധങ്ങള്‍ ഉള്‍പ്പെടെയുളളവയുടെ വിതരണവും താറുമാറാകും.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.