ന്യൂഡല്‍ഹി: ബോംബെ ഹൈക്കോടതിയിലെ ജസ്റ്റിസ് നിതിന്‍ ജാംദാറിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പടെ എട്ട് ഹൈക്കോടതികള്‍ക്ക് കൂടി പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ചു.
ജസ്റ്റിസ് നിതിന്‍ ജാംദാര്‍ വൈകാതെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബോംബെ ഹൈക്കോടതിയില്‍ ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ കഴിഞ്ഞാല്‍ ഏറ്റവും സീനിയര്‍ ആയ ജഡ്ജിയാണ് നിതിന്‍ ജാംദാര്‍. ഷോലപുര്‍ സ്വദേശിയായ നിതിന്‍ ജാംദാര്‍ ബോംബെ ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ബോംബെ ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് കെ.ആര്‍ ശ്രീറാമിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി.