റിയാദ്: ഭീകരപ്രവര്‍ത്തനം ആരോപിച്ച് സൗദി അറേബ്യ ജയിലിലടച്ച സൗദി വനിതാവകാശ പ്രവര്‍ത്തക ലൂജെയ്ന്‍ അല്‍ ഹത്‌ലോള്‍ 1,001 ദിവസത്തെ കാരാഗ്രഹ വാസത്തിനുശേഷം മോചിതയായി. ബന്ധുക്കളും ആഗോള അവകാശ ഗ്രൂപ്പുകളും ചേര്‍ന്ന് നടത്തിയ ക്യാമ്പയിന്‍ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ലൂജെയ്നിന്റെ മോചനം.
പുഞ്ചിരിക്കുന്ന ലൂജെയ്ന്റെ ഫോട്ടോ ട്വിറ്ററില്‍ സഹോദരി ലിന പങ്കുവെച്ചു. തടങ്കലിലായതിനുശേഷം രാജ്യത്തിലെ ഏറ്റവും പ്രശസ്തയായ രാഷ്ട്രീയ തടവുകാരിയുടെ ആദ്യ ചിത്രം. ''ലൂജെയ്ന്‍ വീട്ടിലാണ് '' ഇങ്ങനെ ആയിരുന്നു സന്ദേശം. സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് വാഹനമോടിക്കാനുള്ള അവകാശത്തിനായി പോരാടിയവരില്‍ 31 കാരിയായ ലൗജൈനും ഉണ്ടായിരുന്നു.
പിന്നീട് ജയിലില്‍ അകപ്പെട്ട ലൂജെയ്നിന്റെ മോചനത്തിനായി അവരുടെ കുടുംബവും അന്താരാഷ്ട്ര സംഘടനകളും ക്യാമ്പയനുകള്‍ സംഘടിപ്പിച്ചിരുന്നു. ഒരു വിദേശ അജണ്ട മുന്നോട്ട് വച്ചതായും പൊതു ക്രമത്തിന് ഹാനികരമായ രീതിയില്‍ ഇന്റര്‍നെറ്റ് ഉപയോഗിച്ചതായുമാണ് ഇവര്‍ക്കതിരെ ആരോപിക്കപ്പെട്ട കുറ്റം.
ജയിലില്‍ വനിതാ പ്രവര്‍ത്തകരോടൊപ്പം ലൂജെയ്ന്‍ നിരാഹാര സമരം ആരംഭിച്ചിരുന്നു. ചോദ്യം ചെയ്യലിനിടെ മുഖംമൂടി ധരിച്ച പുരുഷന്മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് സൗദി ജഡ്ജിമാരോട് പറഞ്ഞു. ജയിലില്‍ അവളെ സന്ദര്‍ശിച്ചപ്പോള്‍ മുറിവേറ്റതായി ശ്രദ്ധയില്‍പ്പെട്ടതായി ഹത്‌ലോളിന്റെ മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍ പീഡന ആരോപണ അപ്പീല്‍ കോടതി തള്ളിയിരുന്നു.