മോഹന്‍ ഭാഗവതിനോട് അഞ്ച് ചോദ്യങ്ങള്‍: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് 'ജനതാ കി അദാലത്തില്‍' കെജരിവാള്‍

മോഹന്‍ ഭാഗവതിനോട് അഞ്ച് ചോദ്യങ്ങള്‍: പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് 'ജനതാ കി അദാലത്തില്‍' കെജരിവാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാള്‍. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷം ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആദ്യ പൊതുയോഗത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ കെജരിവാള്‍ ആഞ്ഞടിച്ചത്.

മറ്റ് പാര്‍ട്ടികളെ തകര്‍ക്കാനും ബിജെപി ഇതര സര്‍ക്കാരുകളെ താഴെയിറക്കാനും കേന്ദ്ര ഏജന്‍സികളെ ഉപയോഗിക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ രാഷ്ട്രീയത്തോട് യോജിക്കുന്നുണ്ടോ എന്നതടക്കം ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനോട് അഞ്ച് ചോദ്യങ്ങളും വേദിയില്‍ കെജരിവാള്‍ ഉന്നയിച്ചു.

ജന്തര്‍ മന്തറില്‍ നടന്ന 'ജനതാ കി അദാലത്ത്' പൊതുയോഗത്തിലായിരുന്നു കെജരിവാളിന്റെ വിമര്‍ശനം. ' എല്ലാ ബഹുമാനത്തോടും കൂടി മോഹന്‍ ഭാഗവത്ജിയോട് അഞ്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

മോഡിജി പാര്‍ട്ടികളെ തകര്‍ക്കുകയും രാജ്യത്തുടനീളം സര്‍ക്കാരുകളെ വീഴ്ത്തുകയും ചെയ്യുന്ന രീതി - ഒന്നുകില്‍ അവരെ പ്രലോഭിപ്പിച്ച് അല്ലെങ്കില്‍ ഇഡിയെയും സിബിഐയെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി, ഇത് ശരിയാണോ?

മോഡിജി തന്റെ പാര്‍ട്ടിയില്‍ ഏറ്റവും അഴിമതിക്കാരായ നേതാക്കളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അവരെ അഴിമതിക്കാരെന്ന് അദേഹം തന്നെ വിളിച്ചിട്ടുമുണ്ട്. അത്തരം രാഷ്ട്രീയത്തോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ?

ആര്‍എസ്എസിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നാണ് ബിജെപി പിറന്നത്. ബിജെപി വഴിതെറ്റാതെ ശ്രദ്ധിക്കേണ്ടത് ആര്‍എസ്എസിന്റെ ഉത്തരവാദിത്തമാണ്. തെറ്റായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് നിങ്ങള്‍ എപ്പോഴെങ്കിലും മോഡിജിയെ തടഞ്ഞിട്ടുണ്ടോ?

തനിക്ക് ആര്‍എസ്എസിന്റെ ആവശ്യമില്ലെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് ജെ.പി നഡ്ഡ പറഞ്ഞിരുന്നു. തന്റെ അനിഷ്ടം കാണിക്കാന്‍ മാത്രം മകന്‍ ഇത്രയും വളര്‍ന്നോ? മകന്‍ മാതൃ സ്ഥാപനത്തോട് അനിഷ്ടം കാണിക്കുകയാണ്. ഇത് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് വിഷമം തോന്നിയില്ലേ?

75 വയസിന് ശേഷം നേതാക്കള്‍ വിരമിക്കുമെന്ന് നിങ്ങള്‍ നിയമം ഉണ്ടാക്കി. ഈ നിയമം മോഡിജിക്ക് ബാധകമല്ലെന്നാണ് അമിത് ഷാ പറയുന്നത്. അദ്വാനിജിക്ക് ബാധകമായത് എന്തുകൊണ്ട് മോഡിജിക്ക് ബാധകമല്ല?

തന്നെയും പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിങ് എന്നിവരെയും കളങ്കപ്പെടുത്താന്‍ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് ഡല്‍ഹി മദ്യനയ അഴിമതി ചൂണ്ടിക്കാട്ടി കെജരിവാള്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.