നിർധനരിൽ ക്രിസ്തുവിനെ കണ്ട കത്തോലിക്കാ വൈദികന് സമാധാനത്തിനുള്ള നോബൽ നാമനിർദ്ദേശം

നിർധനരിൽ ക്രിസ്തുവിനെ കണ്ട കത്തോലിക്കാ വൈദികന് സമാധാനത്തിനുള്ള നോബൽ നാമനിർദ്ദേശം

മഡഗാസ്കർ: കത്തോലിക്കാ മിഷനറി വൈദികനായ 72-കാരൻ ഫാ. പെഡ്രോ ഒപെക്കെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെട്ടു. മഡഗാസ്കറിൽ സേവനം ചെയ്യുന്ന അദ്ദേഹം അർജന്റീനയിൽ നിന്നുള്ള വിൻസെൻഷ്യൻ വൈദികനാണ്. ഭയാനകവും ദുരിതപൂർണമായ ജീവിതസാഹചര്യങ്ങളിൽ കഴിയുന്ന ആളുകളെ സഹായിക്കുന്ന ഈ വൈദികനെ 2021 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് നാമനിർദ്ദേശം ചെയ്തതായി സ്ലോവേനിയ പ്രധാനമന്ത്രി ജനാസ് ജാനിയ പ്രഖ്യാപിച്ചു.

1948 -ൽ അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലാണ് പെഡ്രോ പാബ്ലോ ഒപെക്കെ ജനിച്ചത്. യുഗോസ്ലാവിയയിൽ കമ്മ്യൂണിസ്റ്റ് ഭരണം ആരംഭിച്ചതിനു ശേഷം കുടിയേറിയ സ്ലോവേനിയയിൽ നിന്നുള്ള അഭയാർത്ഥികളാണ് അദ്ദേഹത്തിന്റെ മാതാപിതാക്കൾ. പതിനെട്ടാം വയസിൽ അർജന്റീനയിലെ സാൻ മിഗുവലിലുള്ള സെമിനാരിയിൽ വൈദിക പഠനത്തിനു ചേർന്നു. രണ്ടുവർഷത്തിനുശേഷം സ്ലോവേനിയയിലെ തത്വചിന്തയും ഫ്രാൻസിലെ ദൈവശാസ്ത്രവും പഠിക്കാൻ അദ്ദേഹം യൂറോപ്പിലേക്ക് പോയി. തുടർന്ന് രണ്ടുവർഷം മഡഗാസ്കറിൽ മിഷണറിയായി സേവനം ചെയ്തു. 1975 ൽ ലുജാനിലെ ബസിലിക്കയിൽ അദ്ദേഹം വൈദികനായി നിയമിതനായി. 1976 ൽ മഡഗാസ്കറിലേക്ക് മടങ്ങി. ഇന്നും അദ്ദേഹം അവിടെ തന്നെ സേവനം തുടരുന്നു.

പാവപ്പെട്ടവർക്കായി ജീവിതം ഉഴിഞ്ഞുവെച്ച ഈ വൈദികൻ തെരുവിൽ ജീവിക്കുന്ന നിർധനരെ സഹായിക്കുന്നതിനായി 1989ൽ അകമാസോവ (നല്ല സുഹൃത്ത്) ഹ്യുമാനിറ്റേറിയൻ അസോസിയേഷൻ സ്ഥാപിച്ചു. 13000 കുട്ടികളുടെയും ചെറുപ്പക്കാരുടെയും വിദ്യാഭ്യാസത്തിനു സഹായിച്ചിട്ടുണ്ട്. അതുകൂടാതെ വീടില്ലാത്ത ആളുകൾക്കും കുടുംബങ്ങൾക്കും 4000 വീടുകൾ നിർമ്മിച്ചു നൽകി.

തലസ്ഥാന നഗരമായ അന്റാനനാരിവോയിലെ കടുത്ത ദാരിദ്ര്യവും ആളുകൾ താമസിക്കുന്ന ഇടങ്ങളിൽ മണ്ണിടിച്ചിലിലുണ്ടായ ദുരിതങ്ങളും മൂലം ഭക്ഷണത്തിനായി പന്നികളുമായി മത്സരിക്കുന്ന കുട്ടികളെ കണ്ട് ദരിദ്രർക്കായി എന്തെങ്കിലും ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. വിദേശത്തുനിന്നുള്ള സഹായവും മഡഗാസ്കറിലെ ജനങ്ങളുടെ പ്രവർത്തനവും ഉപയോഗിച്ച് ഗ്രാമങ്ങൾ, സ്കൂളുകൾ, ഫുഡ് ബാങ്കുകൾ, ചെറുകിട ബിസിനസുകൾ, അകമാസോവ അസോസിയേഷൻ വഴി പാവപ്പെട്ടവരെ സേവിക്കുന്നതിനായി ഒരു ആശുപത്രി എന്നിവ അദ്ദേഹം സ്ഥാപിച്ചു. കോവിഡ് മഹാമാരിയുടെ വ്യാപന സമയത്ത് നടപടികളുടെ ഭാഗമായി ദാരിദ്ര്യത്തിൽ അകപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ അദ്ദേഹം മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നു.

2019 സെപ്റ്റംബറിൽ മഡഗാസ്കറിലേക്കുള്ള അപ്പസ്തോലിക സന്ദർശനവേളയിൽ തലസ്ഥാനനഗരമായ അന്റാനനാരിവോയുടെ പ്രാന്തപ്രദേശത്ത് അദ്ദേഹം നിർമ്മിച്ച ഒപെക്കയുടെ 'സിറ്റി ഓഫ് ഫ്രണ്ട്ഷിപ് ' എന്ന സ്ഥാപനം ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുകയുണ്ടായി. "കുടുംബങ്ങൾക്ക്, ധാരാളം കുട്ടികളുള്ള ദരിദ്രരുടെ സ്ഥിതി വളരെ ബുദ്ധിമുട്ടാണ്. ഞങ്ങൾക്ക് അരിയില്ല, ഞങ്ങൾക്ക് വെള്ളം ഇല്ല. ഞങ്ങൾക്ക് വെള്ളവും സോപ്പും ആവശ്യമാണ്" ഫാ. ഒപെക്കെ 2020 ഏപ്രിലിൽ വത്തിക്കാൻ റേഡിയോയോട് ഇപ്രകാരം പറയുകയുണ്ടായി.

ലോകത്തിലെ ഏറ്റവും ദാരിദ്ര്യ രാജ്യങ്ങളിലൊന്നാണ് മഡഗാസ്കർ. പകർച്ചവ്യാധിയുടെ വെളിച്ചത്തിൽ ദരിദ്ര രാജ്യങ്ങളുടെ കടം റദ്ദാക്കണമെന്ന സമ്പന്ന രാജ്യങ്ങളോട് അഭ്യർത്ഥിച്ചത് ഫ്രാൻസിസ് മാർപാപ്പയോട് ഫാ. പെഡ്രോ ഒപെക്കെ നന്ദി അറിയിച്ചു. 2012 ലും ഫാ. ഒപെക്കെയെ നോബൽ സമ്മാനത്തിനായി നാമനിർദേശം ചെയ്തിരുന്നു.

ഹോങ്കോങ്ങിൽ ജനാധിപത്യ അനുകൂല പ്രസ്ഥാനം കണ്ടെത്താൻ സഹായിച്ച ഒരു കത്തോലിക്ക അഭിഭാഷകനും സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി നാമനിർദേശം ചെയ്യപ്പെട്ടു. 82 കാരനായ മാർട്ടിൻ ലിചു- മിംഗ് 40 വർഷമായി ഹോങ്കോങ്ങിൽ സാർവത്രിക വോട്ടവകാശത്തിനായി വാദിക്കുന്ന ആളാണ്. ഈ വർഷത്തെ നോബൽ സമ്മാന ജേതാവിനെ അടുത്ത ആഴ്ചയിൽ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.