ഉള്ളുലയ്ക്കുന്ന കാഴ്ചയായി 'കളിപ്പാട്ട ലോറി'; അര്‍ജുന്റെ ഫോണുകളും വസ്ത്രങ്ങളും കണ്ടെടുത്തു

ഉള്ളുലയ്ക്കുന്ന കാഴ്ചയായി 'കളിപ്പാട്ട ലോറി'; അര്‍ജുന്റെ ഫോണുകളും വസ്ത്രങ്ങളും കണ്ടെടുത്തു

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ലോറി കരയിലെത്തിച്ച് പരിശോധിച്ചപ്പോള്‍ കണ്ടെടുത്ത വസ്തുക്കള്‍ കണ്ടു നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു.

തന്റെ രണ്ട് വയസുള്ള മകന് വേണ്ടി വാങ്ങി സൂക്ഷിച്ചിരുന്ന കളിപ്പാട്ട ലോറി കണ്ടെടുത്തതാണ് കണ്ടു നിന്നവരുടെ ഉള്ളുലച്ചത്. ലോറിയുടെ കാബിനില്‍ നിന്നും അര്‍ജുന്റെ വാച്ച്, ചെരുപ്പ്, ഫോണുകള്‍, പ്രഷര്‍ കുക്കര്‍, സ്റ്റീല്‍ പാത്രങ്ങള്‍ തുടങ്ങിയവയും കണ്ടെടുത്തു.

കുപ്പിവെള്ളം, കവറില്‍ സൂക്ഷിച്ച ധാന്യങ്ങള്‍ തുടങ്ങിയവയും ഡ്രൈവിങ് സീറ്റിന്റെ കാബിന് പിന്നില്‍ നിന്നും കണ്ടെടുത്തു. ചളിയില്‍ പുരണ്ട നിലയില്‍ അര്‍ജുന്റെ വസ്ത്രങ്ങളും കണ്ടെടുത്തിട്ടുണ്ട്. കൂടാതെ വാഹനവുമായി ബന്ധപ്പെട്ട രേഖകളുമുണ്ട്.

രാവിലെ ലോറി കരയിലേക്ക് കയറ്റിയതിനു ശേഷമാണ് പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയത്. രണ്ട് അസ്ഥി ഭാഗങ്ങളും തിരച്ചിലില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ പരിശോധനയ്ക്ക് അയക്കാനായി മാറ്റി.

ലോറിയുടെ മെക്കാനിക് ഉപകരണങ്ങള്‍ അടങ്ങിയ ബാഗും കണ്ടെടുത്തിട്ടുണ്ട്. കണ്ടെത്തിയത് തങ്ങള്‍ക്ക് വിലമതിക്കാനാകാത്തതാണ്. ഇതെങ്കിലും കണ്ടെത്തിയത് തങ്ങള്‍ക്ക് ആശ്വാസകരമെന്നും അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിന്‍ പറഞ്ഞു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.