ന്യൂഡല്‍ഹി: ബിജെപി സര്‍ക്കാര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നയം സ്വീകരിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും മാപ്പ് പറയേണ്ടി വരുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.
ഹരിയാനയിലെയും പഞ്ചാബിലെയും ഉള്‍പ്പെടെ എഴുന്നൂറിലേറെ കര്‍ഷകരുടെ രക്തസാക്ഷിത്വം കണ്ട ശേഷവും ബിജെപി തൃപ്തരല്ല. നമ്മുടെ കര്‍ഷകര്‍ക്കെതിരായ ബിജെപിയുടെ ഒരു ഗൂഢാലോചനയും വിജയിക്കാന്‍ ഇന്ത്യ അനുവദിക്കില്ല.
കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 2021 ല്‍ റദ്ദാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകള്‍ തിരികെ കൊണ്ടു വരണമെന്ന മാണ്ഡി എംപിയും ബോളിവുഡ് നടിയുമായ കങ്കണാ റണാവത്ത് ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദേഹം.
കാര്‍ഷിക ബില്ലുകളെ കുറിച്ച് കങ്കണ റണാവത്ത് നടത്തിയ പരാമര്‍ശങ്ങളെപ്പറ്റി പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. റദ്ദാക്കിയ കാര്‍ഷിക ബില്ലിനെ കുറിച്ചുള്ള പ്രധാനമന്ത്രിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും നിലപാട് വ്യക്തമാക്കണം.
ബില്ല് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അതിനെതിരെ ഇന്ത്യാ സഖ്യം ഒറ്റക്കെട്ടായി പോരാടുമെന്നും രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.