ന്യൂഡല്‍ഹി: തീവ്രവാദം ലോകത്തിനാകെ ഭീഷണിയാണെന്നും അത് ഏത് രൂപത്തിലായാലും ശക്തമായി പ്രതിരോധിക്കപ്പെടണം എന്നുമുള്ള വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ പ്രസ്താവനയെ പിന്തുണച്ച് ബ്രസീല്‍ വിദേശകാര്യമന്ത്രി മൗറോ വിയേരയും, ദക്ഷിണാഫ്രിക്കന്‍ വിദേശകാര്യ മന്ത്രി റൊണാള്‍ഡ് ലമോളയും.
പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളായ ലഷ്‌കര്‍ ഇ ത്വയ്ബയ്ക്കും ജയ്‌ഷെ മുഹമ്മദിനുമെതിരെ നടപടി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. യുഎന്‍ സുരക്ഷാ സമിതി ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങളില്‍ ഇരട്ടനിലപാട് സ്വീകരിക്കാതെ ഭീകരതയ്ക്കെതിരെ കൃത്യമായ നടപടി എടുക്കാന്‍ സാധിക്കണമെന്നും പാകിസ്ഥാന്റെ പേര് പരാമര്‍ശിക്കാതെ ഇവര്‍ വ്യക്തമാക്കി. പാകിസ്ഥാന്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന ബ്രിക്സ് ഗ്രൂപ്പിലെ അംഗങ്ങളാണ് മൂന്ന് രാജ്യങ്ങളും.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും തീവ്രവാദം എന്ന വിപത്ത് പടര്‍ന്നു പിടിക്കുന്നുണ്ടെന്നും തീവ്രവാദികളുടെ സുരക്ഷിത താവളങ്ങള്‍ ഇല്ലാതാക്കേണ്ടത് അത്യാവശ്യമാണെന്നും ഇന്ത്യ, ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നിവര്‍ ഉള്‍പ്പെട്ട ഐബിഎസ്എ ഫോറം വ്യക്തമാക്കി.
ഭീകരതയ്ക്കെതിരെ ലോകം ഒറ്റക്കെട്ടായി നില്‍ക്കണം. അതിര്‍ത്തി കടന്നുള്ള തീവ്രവാദം, ഭീകര സംഘടനകള്‍ക്ക് ധനസഹായം കൈമാറുന്നത് എന്നിവ ഉള്‍പ്പെടെ തീവ്രവാദത്തെ തടയുന്നതിനും പ്രതിരോധിക്കുന്നതിനും ആവശ്യമായ നടപടികള്‍ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രിമാര്‍ ചൂണ്ടിക്കാണ്ടി. അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള യുഎന്നിന്റെ പങ്കിന് പിന്തുണ നല്‍കുന്നതായും ഇവര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.