ഒക്ടോബര്‍ ഏഴ് ആക്രമണം: ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രാര്‍ഥനയും ഉപവാസവും ആചരിക്കാന്‍ ആഹ്വാനവുമായി ജറുസലേം പാത്രിയര്‍ക്കീസ്

ഒക്ടോബര്‍ ഏഴ് ആക്രമണം: ഒന്നാം വാര്‍ഷിക ദിനത്തില്‍ പ്രാര്‍ഥനയും ഉപവാസവും ആചരിക്കാന്‍ ആഹ്വാനവുമായി ജറുസലേം പാത്രിയര്‍ക്കീസ്

ജെറുസലേം: കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷിക ദിനം പ്രാര്‍ഥനയുടെയും ഉപവാസത്തിന്റെയും ദിനമായി പ്രഖ്യാപിച്ച് ജറുസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബറ്റിസ്റ്റ പിസബല്ല. ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കേറ്റിനെ അഭിസംബോധന ചെയ്ത് സെപ്റ്റംബര്‍ 26 ന് എഴുതിയ കത്തിലാണ് ഈ ആഹ്വാനം.

'ഒക്ടോബര്‍ മാസം അടുത്തുവരികയാണ്, കഴിഞ്ഞ ഒരു വര്‍ഷമായി വിശുദ്ധനാട് മാത്രമല്ല, ചുറ്റുപാടും മുമ്പൊരിക്കലും കാണാത്തതോ അനുഭവിക്കാത്തതോ ആയ അക്രമത്തിന്റെയും വെറുപ്പിന്റെയും ചുഴലിക്കാറ്റില്‍ മുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി നാം കണ്ട ദുരന്തങ്ങളുടെ തീവ്രതയും ആഘാതവും നമ്മുടെ മനസാക്ഷിയെയും മനുഷ്യത്വബോധത്തെയും ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്'.

'സമാധാനത്തിനായി സ്വയം സമര്‍പ്പിക്കാന്‍ നമുക്ക് കടമയുണ്ട്, ആദ്യം എല്ലാ വിദ്വേഷ വികാരങ്ങളില്‍ നിന്നും നമ്മുടെ ഹൃദയങ്ങളെ സംരക്ഷിച്ച്, പകരം എല്ലാവരുടെയും നന്മ ആഗ്രഹിക്കുക. ഈ യുദ്ധം ബാധിച്ചവരുടെ കഷ്ടപ്പാടുകള്‍ ലഘൂകരിക്കാന്‍ ശ്രമം നടത്തുന്നവരെ പിന്തുണയ്ക്കുകയും സമാധാനത്തിന്റെയും അനുരഞ്ജനത്തിന്റെയും എല്ലാ പ്രവര്‍ത്തനങ്ങളും പ്രോത്സാഹിപ്പിക്കുകയും വേണം'.

സംഘര്‍ഷത്തിന്റെ തുടക്കം മുതല്‍ കര്‍ദിനാള്‍ പിസബല്ല മേഖലയില്‍ സമാധാനത്തിനും വെടിനിര്‍ത്തലിനും വേണ്ടി അശ്രാന്തമായി പരിശ്രമിക്കുകയാണ്. ഒക്ടോബര്‍ ഏഴിന് ജപമാല രാജ്ഞിയായ മറിയത്തിന്റെ തിരുനാള്‍ ദിനം കൂടിയാണ്.

ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒക്ടോബര്‍ ഏഴിന് നടന്ന ആക്രമണത്തില്‍ 1,200 ഇസ്രയേലികളെ ഹമാസ് ഭീകരര്‍ കൊലപ്പെടുത്തി. 251 സാധാരണക്കാരെ ബന്ദികളാക്കി. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഹമാസ് ഭീകരര്‍ ഉള്‍പ്പെടെ മൊത്തം 40,005 പാലസ്തീന്‍കാരും വെസ്റ്റ്ബാങ്കില്‍ 623 പേരും കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള പാലസ്തീന്‍ ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നു.

അതിനിടെ, ലെബനനും ഇസ്രയേലും തമ്മിലുള്ള സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. സെപ്റ്റംബര്‍ 23 ന് ലെബനനില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍, 50 കുട്ടികളും 94 സ്ത്രീകളും ഉള്‍പ്പെടെ 558 പേര്‍ കൊല്ലപ്പെട്ടു. 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.