ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭയില്‍ പുനസംഘടന. ഉപമുഖ്യമന്ത്രിയായി മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ എത്തും. കൈക്കൂലിക്കേസില്‍ ജയിലിലായിരുന്ന സെന്തില്‍ ബാലാജി വീണ്ടും മന്ത്രിയാകും. മന്ത്രിസഭയില്‍ നാല് പുതുമുഖങ്ങളും ഇടം നേടി.
മന്ത്രിസഭ പുനസംഘടന സംബന്ധിച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. നാളെ വൈകുന്നേരം 3:30 ന് ഉദയനിധി സ്റ്റാലിന്‍ സത്യപ്രതിജ്ഞ ചെയ്യും. സെന്തില്‍ ബാലാജി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതോടെ സ്റ്റാലിന്‍ മന്ത്രിസഭയില്‍ ഉടന്‍ പുനസംഘടനയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കൈക്കൂലിക്കേസില്‍ 2023 ജൂണിലാണ് എക്‌സൈസ് മന്ത്രിയായിരുന്ന സെന്തില്‍ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്തത്. ജയിലിലായ സെന്തില്‍ വകുപ്പില്ലാ മന്ത്രിയായി തുടരുന്നതിനെതിരെ ഗവര്‍ണര്‍ ആര്‍.എന്‍ രവി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് ഫെബ്രുവരിയില്‍ സെന്തില്‍ മന്ത്രിസ്ഥാനം രാജിവച്ചു.
2021 മെയിലാണ് ഉദയനിധി സ്റ്റാലിന്‍ ആദ്യമായി എംഎല്‍എ ആയത്. 2022 ഡിസംബറില്‍ സ്റ്റാലിന്‍ മന്ത്രിസഭയിലെത്തി. നിലവില്‍ കായിക, യുവജനക്ഷേമ വകുപ്പുകളുടെ മന്ത്രിയാണ്. നിലവില്‍ ആസൂത്രണ വകുപ്പ് കൂടി ഉദയനിധിക്ക് നല്‍കിയിട്ടുണ്ട്.