ഇന്ന് മുതല്‍ ഭൂമിയ്ക്ക് സ്വന്തം ഉപഗ്രഹമായ ചന്ദ്രനൊപ്പം ഒരു കുഞ്ഞു ചന്ദ്രനെ കൂടി ലഭിക്കും. മിനി മൂണ്‍ എന്ന് വിളിക്കുന്ന 2024 പി.ടി 5 എന്ന ഛിന്നഗ്രഹം ഇന്ന് മുതല്‍ 58 ദിവസം ഭൂമിയെ ഭ്രമണം ചെയ്യും.
ഏകദേശം 10 മീറ്റര്‍ വ്യാസമുള്ള ഈ 'ചന്ദ്രന്‍ കുഞ്ഞ്' സെപ്തംബര്‍ 29 മുതല്‍ നവംബര്‍ 25 വരെ നമ്മുടെ ഭൂമിയെ ചുറ്റും. ഭൂമിക്ക് യാതൊരു അപകടവും സൃഷ്ടിക്കാതെയായിരിക്കും ഇതിന്റെ യാത്രയെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഈ മിനി മൂണ്‍ നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയില്ല. ബൈനോക്കുലറുകളോ ദൂരദര്‍ശിനികളോ ഉപയോഗിച്ചാല്‍ പോലും കാണാന്‍ കഴിയില്ലെന്നാണ് വിവരം. മികച്ച നിലവാരമുള്ള ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ച് മാത്രമേ ഇവ കാണാന്‍ സാധിക്കുകയുള്ളു.
ചന്ദ്രനെക്കാള്‍ വളരെ ചെറുതായ ഈ ഛിന്ന ഗ്രഹം 'അര്‍ജുന' എന്ന ഛിന്ന ഗ്രഹ ബെല്‍റ്റിലെ അംഗമാണ്. മണിക്കൂറില്‍ ഏകദേശം 3,500 കിലോമീറ്റര്‍ വേഗത്തിലാണ് ഇത് സഞ്ചരിക്കുന്നത്.
ഇതിനെ ഭൂമിയുടെ ഗുരുത്വാകര്‍ഷണം ഭ്രമണ പഥത്തിലേക്ക് പിടിച്ചെടുക്കുന്നതോടെയാണ് ഭൂമിയെ ചുറ്റിത്തിരിയാന്‍ മിനി മൂണ്‍ സജ്ജമാകുന്നത്. 58 ദിവസത്തെ കറക്കത്തിന് ശേഷം നവംബര്‍ 25 ഓടെ അതിന്റെ യഥാര്‍ത്ഥ ഭ്രമണപഥമായ അര്‍ജുന ഛിന്നഗ്രഹ ബെല്‍റ്റിലേക്ക് മടങ്ങിപ്പോകും.
ഭൂമിയുടേതിന് സമാനമായ ഭ്രമണപഥമുള്ള ബഹിരാകാശ വസ്തുക്കള്‍ കൊണ്ട് നിര്‍മിതമായ ദ്വിതീയ ഛിന്ന ഗ്രഹ വലയത്തെയാണ് അര്‍ജുന എന്ന് വിളിക്കുന്നത്. 2024 ഓഗസ്റ്റ് ഏഴിന് ദക്ഷിണാഫ്രിക്കയിലെ ആസ്റ്ററോയ്ഡ് ടെറസ്ട്രിയല്‍-ഇംപാക്റ്റ് ലാസ്റ്റ് അലേര്‍ട്ട് സിസ്റ്റം (അറ്റലസ്) ആണ് ഈ ഛിന്ന ഗ്രഹത്തെ കണ്ടെത്തിയത്.