ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി യുവാവ് അറസ്റ്റില്‍. ആന്‍ട്രിം കൗണ്ടിയിലെ ഓക്ട്രീ ഡ്രൈവില്‍ താമസിക്കുന്ന എറണാകുളം സ്വദേശി ജോസ്മോന് പുഴക്കേപ്പറമ്പില് ശശിയാണ് (29) അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിനും ഗാര്‍ഹിക പീഡനത്തിനും പൊലീസ് കേസെടുത്തു.
ഇവര്‍ താമസിച്ചിരുന്ന വീടിന് കഴിഞ്ഞ മാസം 26ന് രാത്രി 10 മണിയോടെയാണ് ജോസ്മോന് തീയിട്ടത്. ശരീരത്തില്‍ പൊള്ളലേറ്റ നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഭാര്യയെ കൊലപ്പെടുത്താനായി വീടിന് തീയിടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. 25 ശതമാനം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്.
ദമ്പതികള്‍ വാടകയ്ക്ക് എടുത്ത വീട്ടിലാണ് സംഭവമുണ്ടായത്. വീടിന്റെ മുന്വാതിലിലും ഹാളിലും മണ്ണെണ്ണയുടെ സാന്നിധ്യമുണ്ടായിരുന്നതായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ഫയര്‍ ആന്‍ഡ് റെസ്ക്യു സര്‍വീസിനെ ഉദ്ധരിച്ച് പോലീസ് കോടതിയെ അറിയിച്ചു.
യുവതിയോട് ഭര്‍ത്താവ് പതിവായി വഴക്കിടാറുണ്ടെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. യുവതി പതിവായി ഗാര്‍ഹിക പീഡനത്തിന് ഇരയായിരുന്നതായി സഹപ്രവര്‍ത്തകരും മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ ഭര്‍ത്താവിനെതിരെ യുവതി പരാതി നല്‍കിയിട്ടില്ല. ജോസ്മോന്റെ ജാമ്യാപേക്ഷ ക്രൗണ്‍ കോടതി തള്ളി. കേസിന്റെ വിചാരണ ഒക്ടോബര്‍ 22 ന് തുടരും. കൊലപാതക ശ്രമത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.