ഗ്രേറ്റര്‍ നോയിഡ: ഞെട്ടിപ്പിക്കുന്നൊരു സംഭവത്തിന്റെ വാര്‍ത്തയാണ് ഗ്രേറ്റര്‍ നോയിഡയില്‍ നിന്ന് പുറത്തുവരുന്നത്. മൂന്ന് വയസുകാരി 27-ാം നിലയില്‍ നിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. 27-ാം നിലയിലെ വീട്ടിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ കുഞ്ഞ് പതിച്ചത് 12-ാം നിലയിലെ ബാല്‍ക്കണിയിലേക്കാണ്.
നോയിഡയിലെ ഗൗര്‍ സിറ്റിയില്‍ കഴിഞ്ഞ ദിവസം പകലാണ് സംഭവം. ജീവന്‍ രക്ഷപ്പെട്ടെങ്കിലും കുട്ടിക്ക് ആന്തരികമായി പരിക്കുകളുണ്ടെന്നാണ് സൂചന. പുറത്തുവന്ന ഒരു വീഡിയോയില്‍ തറയില്‍ നിന്ന് കുഞ്ഞിനെ ഒരാള്‍ എടുക്കുന്നത് കാണാം. സര്‍വോദയ ഹോസ്പിറ്റലില്‍ ചികിത്സയിലുള്ള കുഞ്ഞ് നിലവില്‍ ഗുരുതരാവസ്ഥയിലാണ്.
അമ്മ അടുക്കളയില്‍ പാചകത്തിലായിരുന്നു. ബാല്‍ക്കണിക്ക് സമീപം നിന്ന് കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് കാല്‍വഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം നോയിഡയിലെ കെട്ടിടങ്ങളുടെ സുരക്ഷ പുതിയ സംഭവത്തോടെ വീണ്ടും ചോദ്യം ചെയ്യപ്പെടുകയാണ്.