പോക്‌സോ കേസിന് പിന്നാലെ വന്‍തിരിച്ചടി; ഷെയ്ഖ് ജാനി ബാഷയുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കി

 പോക്‌സോ കേസിന് പിന്നാലെ വന്‍തിരിച്ചടി; ഷെയ്ഖ് ജാനി ബാഷയുടെ ദേശീയ ചലച്ചിത്ര പുരസ്‌കാരം റദ്ദാക്കി

ഹൈദരബാദ്: പ്രായപൂര്‍ത്തിയാകാത്ത സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിന്‍ കഴിയുന്ന ഡാന്‍സ് കൊറിയോഗ്രാഫര്‍ ഷെയ്ഖ് ജാനി ബാഷയുടെ (ജാനി മാസ്റ്റര്‍) ദേശീയ പുരസ്‌കാരം റദ്ദാക്കി. നൃത്ത സംവിധായകനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ അവാര്‍ഡ് റദ്ദാക്കുന്നതായി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം അറിയിക്കുകയായിരുന്നു.

ഒക്ടോബര്‍ എട്ടിന് ഡല്‍ഹിയില്‍ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന 70-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ ജാനി മാസ്റ്ററിന് നല്‍കിയ ക്ഷണവും പിന്‍വലിച്ചു. ധനുഷ് നായകമായ തിരുചിത്രമ്പലം എന്ന ചിത്രത്തിലെ നൃത്തസംവിധാനത്തിനാണ് 2022 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരം ജാനി മാസ്റ്ററിന് ലഭിച്ചത്. കേസിന് ഒരു മാസം മുമ്പായിരിന്നു അവാര്‍ഡ് പ്രഖ്യാപനം.

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ സെപ്റ്റംബര്‍ 19 ന് ഗോവയില്‍ വെച്ചാണ് ജാനി മാസ്റ്റര്‍ അറസ്റ്റിലായത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇടക്കാല ജാമ്യം നേടി പുറത്തിറങ്ങിയത്. കൂടെ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ പല ലോക്കേഷനുകളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ജാനിക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ യുവതിക്ക് 16 വയസ് മാത്രമായിരുന്നു പ്രായം. തെലങ്കാനയിലെ റായ്ദുര്‍ഗം പൊലീസ് സ്റ്റേഷനിലെത്തി മുദ്രവച്ച കവറില്‍ 21 കാരി പരാതി നല്‍കിയതോടെയാണ് ജാനി മാസ്റ്റര്‍ അറസ്റ്റിലായത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.