ലബനനില്‍ തീമഴ പെയ്യിച്ച് ഇസ്രയേല്‍; നാനൂറിലേറെ മരണം: ഐഡിഎഫിന്റെ താക്കീതില്‍ ഇറാനില്‍ നിന്നെത്തിയ വിമാനം തിരിച്ച് പറന്നു

ലബനനില്‍ തീമഴ പെയ്യിച്ച് ഇസ്രയേല്‍; നാനൂറിലേറെ മരണം: ഐഡിഎഫിന്റെ താക്കീതില്‍ ഇറാനില്‍ നിന്നെത്തിയ വിമാനം തിരിച്ച് പറന്നു

ബെയ്‌റൂട്ട്: ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യമിട്ട് ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 400 ലേറെ അംഗങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രയേലി സൈന്യം. ബെയ്റൂട്ടിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ ഹിസ്ബുള്ള നേതാക്കളുടെ താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ആക്രമണം.

കൊല്ലപ്പെട്ട ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്രള്ളയുടെ പിന്‍ഗാമിയായ ഹാഷിം സഫൈദീനെ ഇസ്രയേല്‍ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഹാഷിം സഫൈദിനെപ്പറ്റി യാതൊരു വിവരവുമില്ലെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നസ്രള്ളയുടെ ബന്ധുവാണ് ഹാഷിം സഫൈദീന്‍. 1964 ല്‍ തെക്കന്‍ ലെബനനിലെ ദേര്‍ ഖനുന്‍ അല്‍-നഹറില്‍ സഫൈദീന്‍ ജനിച്ചത്. ഇറാനിലും ഇറാഖിലുമടക്കം മതപഠനം നടത്തിയിട്ടുണ്ട്. 1994 മുതല്‍ ഹിസ്ബുള്ളയില്‍ സജീവമായി. അന്ന് മുതല്‍ നസ്രള്ളയുടെ പിന്‍ഗാമിയായിയായാണ് അറിയപ്പെട്ടിരുന്നത്.

അതിനിടെ തെക്കന്‍ ലെബനനിലെ 25 ഗ്രാമങ്ങളിലെ ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം വ്യാഴാഴ്ച നിര്‍ദേശിച്ചതിന് പിന്നാലെയാണ് ആക്രമണം ശക്തമാക്കിയത്. ലെബനനില്‍ കരയാക്രമണം തുടങ്ങി രണ്ടാം ദിനമായ ബുധനാഴ്ച ഇസ്രയേലിന്റെ എട്ടു സൈനികര്‍ കൊല്ലപ്പെട്ടതിനു തിരിച്ചടിയായാണ് ആക്രമണം ശക്തമാക്കിയത്.

അതേസമയം ഹിസ്ബുള്ളയ്ക്ക് ആയുധങ്ങളുമായി ഇറാനില്‍ നിന്ന് യാത്രതിരിച്ച വിമാനം ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സസിന്റെ (ഐഡിഎഫ്) ശക്തമായ താക്കീതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കി തിരിച്ചു പറന്നതായി റിപ്പോര്‍ട്ടുണ്ട്.

ലെബനനോ സിറിയയോ ലക്ഷ്യമാക്കിയാണ് വിമാനം യാത്ര തിരിച്ചതെന്നും ഐഡിഎഫിന്റെ ഇടപെടല്‍ മൂലം ആയുധങ്ങള്‍ എത്തിക്കാനുള്ള ലക്ഷ്യം നടപ്പായില്ലെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.