വാഷിങ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ അഞ്ചിന് ഭീകരാക്രമണത്തിനു പദ്ധതിയിട്ട നസീര്‍ അഹമ്മദ് താഹേദി (27) എന്ന അഫ്ഗാന്‍ പൗരനെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയുടെ അനുകൂലിയായ ഇയാള്‍ അവരുടെ ആക്രമണ രീതികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ആക്രമണം നടത്താനാണ് പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് അറിയിച്ചു.
2021ല്‍ പ്രത്യേക ഇമിഗ്രന്റ് വീസയില്‍ ഭാര്യക്കും കുഞ്ഞിനും ഒപ്പം യുഎസിലേക്കു കുടിയേറിയ ഇയാള്‍ ഒക്ലഹോമ സിറ്റിയിലാണു താസമിച്ചിരുന്നത്. വോട്ടിങ് ദിനത്തില്‍ ജനക്കൂട്ടത്തെ ആക്രമിക്കാനും ചാവേറാകാനും ഇയാള്‍ തയാറെടുക്കുകയായിരുന്നുവെന്നു ഫെഡറല്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ വ്യക്തമാക്കി. ആയുധങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്. ഇയാള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും പൊലീസ് പിടികൂടി.
എകെ 47 റൈഫിളുകള്‍ വാങ്ങാനായി എത്തിയപ്പോഴാണ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നത്. രാജ്യതലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലെ കാമറകള്‍ ആക്സസ് ചെയ്യുന്നത് എങ്ങനെയെന്നും തോക്ക് ലഭിക്കാന്‍ ലൈസന്‍സ് ആവശ്യമില്ലാത്ത സംസ്ഥാനങ്ങള്‍ ഏതെന്നും ഇയാള്‍ ഓണ്‍ലൈനില്‍ തിരഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. വൈറ്റ്ഹൗസ് ഉള്‍പ്പെടെ പല തന്ത്രപ്രധാന മേഖലകളിലും ആക്രമണം നടത്തണമെന്ന ലക്ഷ്യത്തോടെ പ്രതി സന്ദര്‍ശനം നടത്തിയതായും കുറ്റപത്രത്തില്‍ പറയുന്നു.
അതേസമയം അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്താനുള്ള ഐഎസ് ഉള്‍പ്പെടെയുള്ള എല്ലാ ഭീകരസംഘടനകളുടെയും ശ്രമങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ മെറിക്ക് ഗാര്‍ലന്‍ഡ് പറഞ്ഞു. രാജ്യത്തെ ജനങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുന്നവരെ തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.