മാഡ്രിഡ്: ഇതിഹാസ ടെന്നീസ് താരം റഫേല്‍ നദാല്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സ്പാനിഷുകാരനായ നദാല്‍ ടെന്നീസിനോട് വിട പറയുന്നതായി അറിയിച്ചത്.
മുപ്പത്തെട്ടുകാരനായ നദാല്‍ 22 ഗ്രാന്‍ഡ് സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത മാസം മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പിലാകും അവസാനമായി കളത്തിലിറങ്ങുക.
'' ഞാന്‍ പ്രൊഫഷണല്‍ ടെന്നീസില്‍ നിന്ന് വിരമിക്കുകയാണ്. വളരെ പ്രയാസമേറിയ കാലഘട്ടമായിരുന്നു കടന്ന് പോയത്. പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് വര്‍ഷം'' -താരം വീഡിയോയില്‍ പറഞ്ഞു.
സമീപകാലത്ത് നിരന്തരം പരിക്ക് അലട്ടികൊണ്ടിരിക്കുന്നതിനാല് പലപ്പോഴും പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ച വയ്ക്കാന്‍ താരത്തിനായിരുന്നില്ല.
കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന് എന്നറിയപ്പെടുന്ന നദാല്‍ 14 ഫ്രഞ്ച് ഓപ്പണിലും നാല് യു.എസ് ഓപ്പണിലും രണ്ട് വീതം ഓസ്ട്രേലിയന്‍, വിംബിള്‍ഡന്‍ ചാമ്പ്യന്ഷിപ്പുകളിലുമാണ് കിരീടം സ്വന്തമാക്കിയത്.