ടെൽ അവീവ് : ഇസ്രയേൽ നഗരമായ ഹെർസ്‍ലിയയിൽ കെട്ടിടത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തി ഹിസ്ബുള്ള. കെട്ടിടത്തിന് കേടുപാടുകൾ പറ്റിയെങ്കിലും ആളുകൾക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ലബനനിൽ നിന്ന് അയച്ച രണ്ട് ഡ്രോണുകളിൽ ഒന്നാണ് കെട്ടിടത്തിൽ ഇടിച്ചത്. സംഭവത്തെ തുടർന്ന് മേഖലയിൽ ജാഗ്രത പ്രഖ്യാപിച്ചു.
യോം കിപ്പൂരിലെ റിട്ടയർമെന്റ് ഹോമിന് നേരെയാണ് ഡ്രോൺ ആക്രമണം നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആക്രമണത്തിൽ തീ പടർന്നുവെന്നും ചില ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. അഗ്നിശമനസേന എത്തിയാണ് തീയണച്ചത്.
അതേ സമയം ഇസ്രയേലിന്റെ വടക്കൻ മേഖലകളിൽ ആക്രമണം കടുപ്പിക്കുമെന്ന് ഹിസ്ബുള്ള നേതാവ് മുഹമ്മദ് അഫീഫ് പറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി തെക്കൻ ലബനൻ, ബെയ്‌റൂട്ട്, ബെക്ക എന്നിവിടങ്ങളിൽ ഇരുകൂട്ടരും തമ്മിൽ ശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. തെക്കൻ ലബനന്റെ കൂടുതൽ ഇടങ്ങളിലേക്ക് ഇസ്രയേൽ സൈന്യം കടന്നതിന് പിന്നാലെയാണ് ഹിസ്ബുള്ള റോക്കറ്റ് ആക്രമണം കടുപ്പിച്ചത്. ടെൽ അവീവിൽ നടന്നത് തുടക്കം മാത്രമാണെന്നും യുദ്ധത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇസ്രായേൽ കണ്ടതെന്നും അഫീഫ് പറഞ്ഞു.
” ശത്രുക്കളോട് ഒരു കാര്യം പറയുകയാണ്. ഞങ്ങളുടെ ആക്രമണത്തിന്റ ഒരു വശം മാത്രമേ നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളു. ഹിസ്ബുള്ളയുടെ ഏറ്റവും പ്രധാനപ്പെട്ട ശേഖരം ഒരു കേടും കൂടാതെയിരിക്കുകയാണ്. ഹിസ്ബുള്ളയുടെ പോരാളികൾ ഇപ്പോഴും ഏറ്റവും മികച്ച നിലയിലാണുള്ളത്. ശത്രുക്കളെ പരാജയപ്പെടുത്തുക എന്നതിനും, ആക്രമണം നിർത്താൻ അവരെ നിർബന്ധിക്കുക എന്നതിനുമാണ് ഇപ്പോൾ മുൻഗണന കൊടുക്കുന്നത്. അതുകൊണ്ട് തന്നെ ആക്രമണങ്ങൾ അവസാനിപ്പിക്കാനുള്ള നിർദേശങ്ങൾ ഞങ്ങളുടെ സാഹചര്യങ്ങളുമായി ഒത്തുപോകുന്നതാണെങ്കിൽ ഹിസ്ബുള്ള അതിനെ സ്വാഗതം ചെയ്യുന്നു” - അഫീഫ് പറഞ്ഞു.