കാല്‍ഗരി (ആല്‍ബര്‍ട്ട): കാല്‍ഗരിയിലെ സെന്റ് മദര്‍ തെരേസ സിറോ മലബാര്‍ കാത്തലിക് പള്ളിയില്‍ ഇടവക മധ്യസ്ഥയായ വിശുദ്ധ മദര്‍ തെരേസയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാള്‍ ഓഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ എട്ട് വരെ സംയുക്തമായി ആഘോഷിച്ചു. ദിവസേനയുള്ള നൊവേനകള്‍, വിശുദ്ധ കുര്‍ബാന, പ്രത്യേക ഉദ്ദേശങ്ങള്‍ക്കായുള്ള പ്രാര്‍ത്ഥന എന്നിവ ഒന്‍പതു ദിവസവും ഉണ്ടായിരുന്നു. സെപ്റ്റംബര്‍ ആറ്, ഏഴ്, എട്ട് തീയതികളിലായിരുന്നു പ്രധാന ആഘോഷങ്ങള്‍.
ഫാ. ജേക്കബ് എടക്കളത്തൂര്‍, ഇടവക വികാരി ഫാ. ജോസഫ് കിഴക്കേടത്ത് എന്നിവര്‍ ചേര്‍ന്ന് തിരുനാളിന്റെ കൊടിയേറ്റം നടത്തി.
ഫാ. പ്ലോജന്‍ കണ്ണമ്പുഴ, ഫാ. ജോസ് ടോം കളത്തിപ്പറമ്പില്‍, ഫാ. ജിമ്മി പുറ്റനാനിക്കല്‍, ഫാ. ബേബി ഷെപ്പേര്‍ഡ് എന്നിവര്‍ മൂന്നു ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന നയിച്ചു. വിശുദ്ധരുടെ രൂപങ്ങള്‍, പൊന്‍കുരിശ്, വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് എന്നിവ ഉയര്‍ത്തിപ്പിടിച്ചുള്ള ആഘോഷമായ പ്രദക്ഷിണവും നടന്നു.
തിരുനാളിന്റെ മറ്റ് ദിവസങ്ങളില്‍ ഫാ. ലിജു കുന്നക്കാട്ടുമലയില്‍, ഫാ. തോമസ് വടശേരി, ഫാ. ഷിബു കല്ലറയ്ക്കല്‍ സി.എഫ്.ഐ.സി എന്നിവര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് നേതൃത്വം നല്‍കി. അമ്പും മുടിയും എഴുന്നള്ളിക്കല്‍, അടിമ വെക്കല്‍ എന്നീ അനുഷ്ഠാനങ്ങളും നടന്നു.