പാലക്കാട്: കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട ഡോ. പി. സരിനെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി സിപിഎം ഇന്ന് പ്രഖ്യാപിച്ചേക്കും. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്ന് രാവിലെ പത്തിന് ചേരും. യോഗത്തിലെ തീരുമാനം സംസ്ഥാന നേതൃത്വത്തെ അറിയിക്കും. ഇതിന് ശേഷമായിരിക്കും സ്ഥാനാര്‍ഥി പ്രഖ്യാപനം.
സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയാണ് സരിന്‍ കോണ്‍ഗ്രസ് വിട്ടത്. പിന്നാലെ പാലക്കാട് മണ്ഡലം ചുമതലയുള്ള എന്‍.എന്‍ കൃഷ്ണദാസ്, സിപിഎം ജില്ലാ സെക്രട്ടറി അടക്കമുള്ള നേതാക്കള്‍ സരിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതിനിടെ പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രചാരണത്തിന് തുടക്കമിട്ടിരുന്നു. ഇന്നലെ മണ്ഡലത്തിലെത്തിയ രാഹുലിനെ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. പിന്നാലെ തുറന്ന ജീപ്പില്‍ റോഡ് ഷോയും നടത്തി.
അതേസമയം ബിജെപി സ്ഥാനാര്‍ഥിയേയും ഉടന്‍ പ്രഖ്യാപിച്ചേക്കും. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ളവര്‍ ഇന്ന് ജില്ലയില്‍ എത്തും.