ഇന്ത്യയ്ക്കെതിരെ ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചത് ഉക്രെയ്‌നെതിരായ റഷ്യന്‍ ആക്രമണം നിര്‍ത്താനെന്ന വാദവുമായി ജെ.ഡി വാന്‍സ്

ഇന്ത്യയ്ക്കെതിരെ ട്രംപ് അധിക തീരുവ പ്രഖ്യാപിച്ചത് ഉക്രെയ്‌നെതിരായ റഷ്യന്‍ ആക്രമണം നിര്‍ത്താനെന്ന വാദവുമായി  ജെ.ഡി വാന്‍സ്

വാഷിങ്ടണ്‍: ഇന്ത്യയ്ക്കുള്ള ഇറക്കുമതി തീരുവ 50 ശതമാനമായി വര്‍ധിപ്പിച്ചത് ഉക്രയ്‌നെതിരായ യുദ്ധവും ആക്രമണവും നിര്‍ത്താന്‍ റഷ്യയെ പ്രേരിപ്പിക്കുന്നതിനാണെന്ന വാദവുമായി അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സ്.

ട്രംപ് ഇന്ത്യയ്ക്കെതിരെ ആക്രമണോത്സുകമായ സാമ്പത്തിക നടപടി പ്രഖ്യാപിച്ചത് റഷ്യക്കാര്‍ അവരുടെ എണ്ണ സമ്പദ്വ്യവസ്ഥ വഴി പണക്കാരാകുന്നത് തടയാനാണെന്ന് എന്‍ബിസി ന്യൂസിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ വാന്‍സ് പറഞ്ഞു.

ഉക്രെയിന് മേല്‍ റഷ്യ ആക്രമണം നടത്തുന്നത് തടയിടാനാണ് ഈ നടപടിയെന്ന് ജെ.ഡി വാന്‍സ് ന്യായീകരിച്ചു. റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്ക്ക് ഫലപ്രദമായി സാധിക്കുമെന്ന് വാന്‍സ് ആത്മ വിശ്വാസം പ്രകടിപ്പിച്ചു. റഷ്യ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ അവരെ ഒറ്റപ്പെടുത്തുമെന്ന ഭീഷണിയും വാന്‍സ് മുഴക്കി.

ട്രംപ് രണ്ടാമത് ഭരണമേറ്റെടുത്ത ശേഷം ഇന്ത്യ-അമേരിക്ക ബന്ധം അത്ര നല്ല രീതിയിലല്ല മുന്നോട്ട് പോകുന്നത്. നിലവില്‍ 50 ശതമാനത്തോളം തീരുവ ഇന്ത്യയ്ക്ക് മേല്‍ റഷ്യന്‍ സൗഹൃദം ആരോപിച്ച് അമേരിക്ക ചുമത്തുന്നുണ്ട്. എന്നാല്‍ റഷ്യന്‍ ക്രൂഡോയില്‍ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്കോ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കോ നേരെ അമേരിക്ക നടപടി കടുപ്പിച്ചിട്ടില്ല.

അതേസമയം റഷ്യയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കി മുന്നോട്ട് പോകാനാണ് ഇന്ത്യയുടെ തീരുമാനമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ വിനയ് കുമാറും വ്യക്തമാക്കി.


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.