"ആയുധങ്ങൾ നിശബ്ദമാവുകയും സംഭാഷണത്തിന് വഴിയൊരുങ്ങുകയും ചെയ്യട്ടെ"; ഉക്രെയ്ൻ സ്വാതന്ത്ര്യ ദിനത്തിൽ മാർപാപ്പയുടെ കത്ത് പങ്കിട്ട് സെലെൻസ്‌കി


കീവ്: ഉക്രെയ്ൻ സ്വാതന്ത്ര്യ ദിനമായ ഓ​ഗസ്റ്റ് 24ന് ലിയോ പതിനാലാമൻ മാർപാപ്പയുടെ കത്ത് സോഷ്യൽ മീഡിയ വഴി പങ്കുവെച്ച് ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. യുദ്ധത്തിൽ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാർഥിക്കുമെന്ന് പറഞ്ഞ പാപ്പ ആയുധങ്ങൾ നിശബ്ദമാവുകയും സംഭാഷണത്തിന് വഴിയൊരുങ്ങുകയും ചെയ്യട്ടെയെന്ന് അഭ്യർത്ഥിച്ചു.

“അക്രമത്താൽ മുറിവേറ്റ ഹൃദയത്തോടെ, നിങ്ങളുടെ രാജ്യത്തിന്റെ സ്വാതന്ത്ര ദിനത്തിൽ ഞാൻ നിങ്ങളെ അഭിസംബോധന ചെയ്യുന്നു. യുദ്ധത്തിൽ ദുരിതം അനുഭവിക്കുന്ന ഉക്രെയ്നിലെ ജനങ്ങൾക്കു വേണ്ടി പ്രത്യേകിച്ച് യുദ്ധത്തിൽ പരിക്കേറ്റ എല്ലാവർക്കും പ്രിയപ്പെട്ടവരുടെ മരണത്തിൽ ദുഖിതരായവർക്കും വീടുകൾ നഷ്ടപ്പെട്ടവർക്കും എന്റെ പ്രാർഥന ഉറപ്പു നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവം തന്നെ അവരെ ആശ്വസിപ്പിക്കട്ടെ, പരിക്കേറ്റവരെ അവൻ ശക്തിപ്പെടുത്തുകയും മരിച്ചവർക്ക് നിത്യശാന്തി നൽകുകയും ചെയ്യട്ടെ.” - പാപ്പ എഴുതി.

“സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ കന്യകാമറിയത്തിന് ഉക്രെയ്നെ ഭരമേൽപ്പിക്കുകയാണ്. എല്ലാവരുടെയും നന്മയ്ക്കായി സമാധാനത്തിലേക്കുള്ള പാത തുറക്കപ്പെടട്ടെ എന്ന് പ്രാർഥിക്കുകയും ചെയ്യുന്നു.” പാപ്പ കൂട്ടിച്ചേർത്തു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.