ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറൻ്റിന് തീവച്ചു; അഞ്ച് പേർക്ക് പൊള്ളലേറ്റു; 15കാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ലണ്ടനിൽ ഇന്ത്യൻ റെസ്റ്റോറൻ്റിന് തീവച്ചു; അഞ്ച് പേർക്ക് പൊള്ളലേറ്റു; 15കാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

ലണ്ടൻ: ലണ്ടനിലെ ഇന്ത്യൻ റസ്റ്റോറന്റിന് തീവച്ചു. ആക്രമണത്തിൽ അഞ്ച് പേർക്ക് പൊള്ളലേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. കിഴക്കൻ ലണ്ടനിലെ ഒരു ഇന്ത്യൻ റെസ്റ്റോറന്റിലാണ് സംഭവം. അക്രമവുമായി ബന്ധപ്പെട്ട് മെട്രോപൊളിറ്റൻ പോലീസ് രണ്ട് പേരെ പിടികൂടി. ഇവരിലൊരാൾ 15 വയസുകാരനും ഒരാൾ 54 വയസുകാരനുമാണ്. അവർക്കെതിരെ റസ്റ്റോറൻ്റിന് മനപൂർവം തീയിട്ടതിന് കേസെടുത്തിട്ടുണ്ട്.

രണ്ടുപേർ റസ്റ്റോറന്റിൽ കയറി നിലത്ത് ദ്രാവകം ഒഴിക്കുന്നതും പിന്നീട് തീയിടുന്നതിൻ്റെയും സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. പ്രതികളെ പൊലീസ് ചോദ്യം ചെയ്യുകയാണ്. "എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം അതിവേഗം പുരോഗമിക്കുകയാണ്." ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ മാർക്ക് റോജർ പറഞ്ഞു.

ഗാന്റ്സ് ഹില്ലിലെ വുഡ്ഫോർഡ് അവന്യൂവിലുള്ള ഇന്ത്യൻ അരോമ എന്ന റെസ്റ്റോറന്റിലാണ് തീപിടിത്തമുണ്ടായത്. അപ്പോൾ റെസ്റ്റോറന്റിൽ നിറയെ ആളുകളുണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ മൂന്ന് മുഖംമൂടി ധരിച്ച ആളുകൾ റെസ്റ്റോറന്റിലേക്ക് നടന്നു പോവുകയും തറയിൽ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്യുന്നത് കാണാം. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്നു. ആളുകൾ പരിഭ്രാന്തരായി രക്ഷപ്പെടാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.