കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തോട് മാപ്പ് ചോദിച്ച് കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ. വിജയന്‍. സബ് കളക്ടര്‍ നേരിട്ടെത്തിയാണ് മാപ്പെഴുതിയ കത്ത് കൈമാറിയത്.
ഇന്ന് രാവിലെ മുദ്ര വച്ച കവറിലാണ് സബ് കളക്ടറുടെ കൈയില്‍ അരുണ്‍ കെ. വിജയന്‍ കത്ത് കൊടുത്തു വിട്ടത്. നവീന്‍ ബാബുവിന്റെ സംസ്‌കാരച്ചടങ്ങളില്‍ അരുണ്‍ വിജയന്‍ പങ്കെടുത്തിരുന്നില്ല. സംഭവിച്ച കാര്യങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം എന്നാണ് ലഭിക്കുന്ന വിവരം.
പ്രിയപ്പെട്ട നവീന്റെ ഭാര്യ മഞ്ജുഷയ്ക്കും മക്കള്‍ക്കും എന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. പത്തനംതിട്ടയില്‍ നിന്നും തിരിച്ച് കണ്ണൂരിലേക്കുള്ള യാത്രയിലാണ് ഇതെഴുതുന്നത്. നവീന്റെ അന്ത്യകര്‍മ്മങ്ങള്‍ കഴിയുന്നതുവരെ പത്തനംതിട്ടയിലുണ്ടായിരുന്നു.
നേരില്‍ വന്നു ചേര്‍ന്നു നില്‍ക്കണമെന്ന് കരുതിയെങ്കിലും സാധിച്ചില്ല. നവീന്റെ കൂടെയുള്ള മടക്കയാത്രയില്‍ മുഴുവന്‍ ഞാനോര്‍ത്തത് നിങ്ങളെ കാണുമ്പോള്‍ എന്തു പറയണം, എങ്ങനെ ആശ്വസിപ്പിക്കണം എന്നു മാത്രമാണ്. മരണം നല്‍കിയ നടുക്കം ഇപ്പോഴും എന്നെയും വിട്ടു മാറിയിട്ടില്ല.
ഇന്നലെ വരെ എന്റെ തോളോട് തോള്‍ ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിച്ചയാളാണ് നവീന്‍. കാര്യക്ഷമതയോടും സഹാനുഭൂതിയോടും തന്റെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ച വ്യക്തിയായിരുന്നു എട്ട് മാസത്തോളമായി എനിക്കറിയാവുന്ന നവീന്‍. ഏതു കാര്യവും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന പ്രിയ സഹപ്രവര്‍ത്തകന്‍.
സംഭവിക്കാന്‍ പാടില്ലാത്ത, നികത്താനാകാത്ത നഷ്ടമാണുണ്ടായത്. ഈ വേദനയില്‍ നിങ്ങളുടെ കുടുംബത്തിലെ ഒരംഗത്തെ പോലെ പങ്കുചേരാന്‍ മനസ് വെമ്പുമ്പോഴും, നവീന്റെ വേര്‍പാടില്‍ തനിക്കുള്ള വേദനയും നഷ്ടബോധവും പതര്‍ച്ചയും പറഞ്ഞറിയിക്കാന്‍ വാക്കുകളില്ലെന്നും കളക്ടര്‍ കത്തില്‍ കുറിച്ചു.
പി.പി ദിവ്യയുടെ അവഹേളനത്തിന് ശേഷം തന്റെ ചേംബറിലേക്ക് നവീന്‍ ബാബുവിനെ അരുണ്‍ വിജയന്‍ വിളിച്ച് സംസാരിച്ചിരുന്നതായി കത്തില്‍ പരമാര്‍ശമുണ്ട്. നവീനെ അധിക്ഷേപിച്ച് ദിവ്യ സംസാരിച്ചപ്പോള്‍ കളക്ടര്‍ തലകുനിച്ച് ഇരിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിലടക്കം കണ്ണൂര്‍ കളക്ടറുടെ സമീപനത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് മാപ്പപേക്ഷ.