ഇസ്രയേല്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ ആക്രമണം; വസതിക്ക് സമീപം ഡ്രോണ്‍ പതിച്ചു: നെതന്യാഹു സുരക്ഷിതന്‍

ഇസ്രയേല്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ഹിസ്ബുള്ളയുടെ ആക്രമണം; വസതിക്ക് സമീപം ഡ്രോണ്‍ പതിച്ചു: നെതന്യാഹു സുരക്ഷിതന്‍

ടെൽ അവീവ്: ലെബനനിൽ നിന്ന് ഇസ്രയേലിലേക്ക് ഡ്രോൺ ആക്രമണം. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വസതിക്ക് സമീപം ഡ്രോൺ പതിച്ചുവെന്നും റിപ്പോർട്ട്. നെതന്യാഹുവിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള അയച്ച ഡ്രോൺ ആയിരുന്നുവെന്നാണ് നി​ഗമനം. സിസേറിയ ടൗണിലാണ് ഡ്രോൺ ആക്രമണമുണ്ടായത്. ടൗണിലെ ഒരു കെട്ടിടത്തിൽ ഡ്രോൺ പതിച്ചെങ്കിലും ആളപായമില്ല. ലെബനനിൽ നിന്ന് തൊടുത്തുവിട്ട മറ്റ് രണ്ട് ഡ്രോണുകളെ ഇസ്രയേലി സൈന്യം ശക്തമായി പ്രതിരോധിച്ചു.

ആക്രമണത്തിൽ നെതന്യാഹു സുരക്ഷിതനാണെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഡ്രോണുകൾ പതിച്ചതോടെ ടെൽ അവീവിലും ​ഗ്ലിലോട്ടിലേയും വിവിധ ഭാ​ഗങ്ങളിൽ അപായ സൈറണുകൾ മുഴങ്ങി.

അടുത്തിടെയായിരുന്നു ഹിസ്ബുള്ള തലവനെയും പിൻ​ഗാമിയാകാൻ പോകുന്ന ഭീകരനെയും ഇസ്രയേൽ വധിച്ചത്. ലെബനനിൽ ഹിസ്ബുള്ള പ്രവർത്തകരെ കേന്ദ്രീകരിച്ച് നടന്ന കൂട്ട പേജർ സ്ഫോടനങ്ങൾക്ക് പിന്നാലെയായിരുന്നു ഭീകര സംഘടനയുടെ തലവനായ ഹസൻ നസ്റുള്ളയെ അടക്കം ഇസ്രയേൽ വധിച്ചത്. കഴിഞ്ഞ ദിവസം ഹമാസ് നേതാവിനെയും ഇസ്രയേൽ സൈന്യം വധിച്ചിരുന്നു.

ഗാസ മുനമ്പിൽ നടത്തിയ പ്രത്യേക ഓപ്പറേഷനിൽ മൂന്ന് ഹമാസ് ഭീകരരായിരുന്നു കൊല്ലപ്പെട്ടത്. ഇതിലൊരാൾ തലവൻ യഹിയ സിൻവറായിരുന്നു. തിരിച്ചറിയാനാകാത്ത നിലയിലാണ് മൃതദേഹം ലഭിച്ചതെങ്കിലും ഡിഎൻഎ പരിശോധനകളിലൂടെ യഹിയയാണെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഈ സാഹചര്യത്തിലാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ലക്ഷ്യമിട്ട് ലെബനനിൽ നിന്ന് ഹിസ്ബുള്ളയുടെ ഡ്രോണാക്രമണം ഉണ്ടായത്.

ഒരു വര്‍ഷം പിന്നിട്ട ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് ലോകനേതാക്കള്‍ അഭിപ്രായപ്പെട്ടു. ബന്ദികളെ വിട്ടയച്ച് യുദ്ധവിരാമത്തിനുള്ള വഴിയൊരുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയും ഹമാസിനോട് ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.