പത്തനംതിട്ട: കഴിഞ്ഞ 25 വര്‍ഷത്തിനിടെ കേരളത്തില്‍ തുടങ്ങിയ പെട്രോള്‍ പമ്പുകളുടെ എന്‍ഒസി പരിശോധിക്കണമെന്ന് കേന്ദ്ര പെട്രോളിയം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി.
മരണപ്പെട്ട കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ പത്തനംതിട്ട മലയാലപ്പുഴയിലെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം.
കഴിഞ്ഞ 25 വര്‍ഷത്തെയങ്കിലും പെട്രോള്‍ പമ്പുകളുടെ എന്‍ഒസി പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു എന്നാണ് തോന്നുന്നത്. നിലവില്‍ കുടുംബം അന്വേഷണം ആവശ്യപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥ തലത്തില്‍ നിന്ന് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കുള്ളത് പോലെ പല സംശയങ്ങളും എനിക്കുമുണ്ട്.
പെട്രോളിയം മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങളുണ്ട്. അത് ലംഘിച്ചുകൊണ്ട് എന്ത് നടപടിയുണ്ടായാലും അതില്‍ ആരുള്‍പ്പെട്ടാലും ബാധിക്കപ്പെടും. സര്‍ക്കാരുദ്യോഗസ്ഥര്‍ ഇത്തരത്തില്‍ വലിയ പീഡനങ്ങള്‍ നേരിടുന്നുണ്ടെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേന്ദ്ര തലത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രാദേശിക ബിജെപി നേതൃത്വം സുരേഷ് ഗോപിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. മാസ് പെറ്റീഷന്‍ കൈയില്‍ കിട്ടിയാല്‍ നടപടികള്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.